‘സ്‌നേഹം പൂത്ത കാലം’ മൂന്നാം പതിപ്പ് പ്രകാശിപ്പിച്ചു

ഷാർജ : ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ രചിച്ച ‘സ്‌നേഹം പൂത്ത കാലം’ പുസ്‌തകത്തിന്റെ മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ പ്രകാശിപ്പിച്ചു. സാംസ്‌കാരിക പ്രവർത്തകൻ ടി കെ അബ്‌ദുൾ ഹമീദിന് നൽകി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്‌തകം പ്രകാശിപ്പിച്ചു.
എഴുത്തുകാരന്റെ ചുറ്റുവട്ടത്ത് ജീവിച്ച് കാലത്തിന്റെ വിസ്‌മൃതിയിലേക്ക് മറഞ്ഞ സാധാരണ മനുഷ്യരാണ് പുസ്‌തകത്തിലെ കഥാപാത്രങ്ങൾ. മരിച്ചുപോയ പെയിന്റിങ് തൊഴിലാളിയായ തന്റെ കൊച്ചാപ്പയെയും ഏവരെയും സ്‌നേഹിച്ച് അകാലത്തിൽ പൊലിഞ്ഞ തനിക്ക് പ്രിയപ്പെട്ട നിരവധി മനുഷ്യരെയുംക്കുറിച്ചുള്ള ഹൃദയസ്‌പർശിയായ ഓർമകളാണ് പുസ്‌തകത്തിന്റെ കാതൽ.
അമീർ കല്ലുംപുറം പുസ്‌തകം പരിചയപ്പെടുത്തി. വിവിന ശങ്കർ, സിജിൻ രാജ്, ബി കെ മനു, ശിവപ്രസാദ്, പ്രമോദ് മടികൈ എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ടി ഡി രാമകൃഷ്‌ണനാണ് പുസ്‌തകത്തിന് അവതാരിക എഴുതിയത്. എഴുത്തുകാരനും ചിത്രകാരനുമായ രാജേഷ് ചിറപ്പാടിന്റെ ചിത്രങ്ങളും പുസ്‌തകത്തിലുണ്ട്. പാപ്പാത്തി പബ്ലിഷേഴ്സാണ് പ്രസാധകർ.








0 comments