Deshabhimani

രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനം; 21 കാരി അറസ്റ്റിൽ

RAJASTAN

രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ അറസ്റ്റിലായ മഹക്ദീപ് കൗറും ദേവേന്ദ്ര സിങ്ങും

വെബ് ഡെസ്ക്

Published on Nov 15, 2026, 02:07 PM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനക്കേസിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 കാരി അറസ്റ്റിൽ. മഹക്ദീപ് കൗർ എന്ന യുവതിയെയും 23 കാരനായ ദേവേന്ദ്ര സിങ്ങിനെയും പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നാണ് രാജസ്ഥാൻ എടിഎസും പൊലീസും ചേർന്ന് പിടികൂടിയത്. പ്രണയബന്ധത്തിലൂടെ യുവതിയെ ഐഎസ്ഐയുടെ ശൃംഖലയിലേക്ക് ആകർഷിച്ചതായാണ് അന്വേഷണസംഘത്തിന്റെ സംശയം.


പ്രണയബന്ധത്തിലൂടെ ചാരശൃംഖലയിലേക്ക്


ഷാ, ചാച്ചാ എന്നീ കോഡ് പേരുകളിൽ അറിയപ്പെടുന്ന പാകിസ്താൻ സ്വദേശികളുമായി മഹക്ദീപ് ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ഐഎസ്ഐ ഏജന്റുമാരാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് ലഹരിമരുന്ന് കടത്തുകേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് യുവതി പാക് കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നും റിപ്പോർട്ടുണ്ട്.


സാമൂഹികമായും വൈകാരികമായും ഒറ്റപ്പെട്ട സ്ത്രീകളെ പ്രണയബന്ധത്തിലൂടെയും സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന രീതിയാണ് ഐഎസ്ഐ പിന്തുടരുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.


ആയുധങ്ങളും പണവും പിടിച്ചെടുത്തു


പ്രതികളിൽനിന്ന് രണ്ട് വിദേശനിർമിത പിസ്റ്റളുകളും 46 തിരകളും 30,000 രൂപയും പൊലീസ് പിടിച്ചെടുത്തു. റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ഒന്നിലധികം തവണ ശ്രമിച്ചെന്നും നവംബർ മൂന്നിന് രാത്രി 9.45ഓടെയാണ് സ്ഫോടനം നടന്നതെന്നും രാജസ്ഥാൻ എടിഎസ് അറിയിച്ചു.

ശ്രീഗംഗാനഗറിലെ അനുപ്ഗഢ്–സൂരത്ഗഢ് റെയിൽവേ പാതയിലാണ് സ്ഫോടനമുണ്ടായത്. പുലർച്ചെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന അനുപ്ഗഢ്–ഭട്ടിൻഡ പാസഞ്ചർ ട്രെയിനായിരുന്നിരിക്കാം ലക്ഷ്യമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.


സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിന് താഴെയുള്ള രണ്ടുമുതൽ മൂന്നുവരെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്നിരുന്നു. രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിൽ സമാനമായ കേസിൽ ബബിത എന്ന യുവതി നേരത്തെ അറസ്റ്റിലായതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പാക് ബന്ധവും സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയിൽ പങ്കുള്ള മറ്റുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home