ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ വൈരാഗ്യം ; ക്വട്ടേഷൻ നൽകിയത് മറ്റ് ജ്വല്ലറി ഉടമകൾ

തിരുവനന്തപുരം : ചാലാ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണക്കച്ചവടക്കാർ തമ്മിലുള്ള കുടിപ്പകയെന്ന പൊലീസ്. സ്വർണം മോഷണം പോയ വൈഷ്ണവി ജ്വല്ലറിയുടെ ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള വൈരാഗ്യമാണ് കവർച്ചയ്ക്ക് പിന്നിൽ. കവർച്ച നടത്താൻ മറ്റ് ജ്വല്ലറി ഉടമകൾ ക്വട്ടേഷൻ നൽകുകയായിരുന്നു. മുഖ്യപ്രതി അമുലിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
വൻ ഗൂഢാലോചനയാണ് കവർച്ചയ്ക്ക് പിന്നിൽ നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കവർച്ചയ്ക്ക് ശേഷം സംശയം തോന്നാതിരിക്കാൻ നന്ദകുമാറിനൊപ്പം പരാതി നൽകാൻ അമുലും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. വൈഷ്ണവി ജ്വല്ലറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെയും ഞായറാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് ദിവസം മുൻപ് ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിനോട് പറഞ്ഞിരുന്നു. നിലവിൽ അഞ്ച് പേരാണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ അനിൽ, ആന്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ്, അമുൽ, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികൾ സഞ്ചരിച്ചിരുന്ന അനിലിന്റെ ഉടമസ്ഥതയിലുള്ള എസ്‌യുവി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ഒരു സ്വർണബാറും പിടിച്ചെടുത്തിട്ടുണ്ട്. വാഹനം വിശദമായി പരിശോധിച്ചുവരികയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ അറിയിച്ചു.
കവർച്ചയ്ക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പിടിയിലായവർക്ക് സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.








0 comments