ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മാതൃകാ ജില്ലാ ആശുപത്രിയിൽ പ്രവേശനം പൂച്ചകൾക്കും എലികൾക്കും മാത്രം

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മാതൃകാ ജില്ലാ ആശുപത്രി വാർഡിലെ കിടക്കകളിൽ പൂച്ചകളും എലികളും വിരഹിക്കുന്ന വീഡിയോ. പേരൂർക്കട ജില്ലാ ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിലാണ് എലികൾ ചത്തുകിടക്കുന്നതിന്റെയും പൂച്ചകൾ കയറി കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്റെ മണ്ഡലമായ വട്ടിയൂർക്കാവിലെ മാതൃകാ ആശുപത്രിയിലാണ് ആരോഗ്യമേഖലയുടെ ഇന്നത്തെ ദയനീയാവസ്ഥ തെളിഞ്ഞു കണ്ടത്. മരുന്നുകളില്ലാത്തതും ഡോക്‌ടർമാരില്ലാത്തതും രോഗികളെ നിരന്തരം വലയ്‌ക്കുന്നതിനാൽ ഇൗ ആശുപത്രിക്കെതിരെ നേരത്തേ തന്നെ പരാതികൾ വ്യാപകമായിരുന്നു.
സ്‌ത്രീകളുടെ വാർഡിൽ അണുബാധ ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുന്നതിനാൽ സന്ദർശകരെ നിരോധിച്ചിരിക്കുകയാണെന്ന അറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട്. അതിനകത്താണ് പൂച്ചയും എലിയും യഥേഷ്‌ടം വിഹരിക്കുന്നത്. ഡെങ്കി, ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചിത്വവും സുരക്ഷയും തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ വന്ന ശേഷം ആരോഗ്യമേഖല നേരിടുന്ന കടുത്ത അവഗണനയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്.







0 comments