അപകടനിലയിൽ ഇലക്ട്രിക് പോസ്റ്റിൻ്റെ സ്റ്റേ കമ്പി; ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

തിരൂരങ്ങാടി : വയലിലെ ഇലക്ട്രിക് പോസ്റ്റിൻ്റെ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. നന്നമ്പ്ര ചെറുമുക്ക് പടിഞ്ഞാറെ തല സ്വദേശി എറപറമ്പൻ ശിഹാബുദ്ദീൻ്റെ മകൻ ജുനൈദ് (14) ആണ് മരിച്ചത്. ജുനൈദിന്റെ വീടിന് സമീപത്തെ ചെറുമുക്ക് വയലിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കൂട്ടുകാരോടപ്പം പാടത്ത് മീൻ പിടിക്കാൻ പോയ ജുനൈദ് ഇലക്ട്രിക് പോസ്റ്റിൻ്റെ സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു.
നാട്ടുകാർ ഓടിയെത്തി തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജുനൈദിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റേ കമ്പി അപകടനിലയിൽ നിൽക്കുന്നത് നാട്ടുകാർ നേരത്തെ തന്നെ ഇലക്ട്രിസിറ്റി ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പരാതി ഉയർന്നു. വെന്നിയൂർ സെക്ഷന് കീഴിലാണ് അപകടം സംഭവിച്ച പ്രദേശം.








0 comments