കോഴഞ്ചേരി പുതിയ പാലം; തടസ്സപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ് പിതൃത്വം ഏറ്റെടുക്കുന്നത് പരിഹാസ്യം: എൽഡിഎഫ്

പത്തനംതിട്ട : കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമാണം തടസപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ്, അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്ന് എൽഡിഎഫ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി. പാലം യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് നിർമിച്ചതെന്ന് കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്തുന്ന എംഎൽഎയുടെ നടപടിയിൽ എൽഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനം എൽഡിഎഫ് ബഹിഷ്കരിച്ചു.
പാലത്തിന്റെ നിർമാണം തടസപ്പെടുത്താനാണ് യുഡിഎഫും അവരുടെ പഞ്ചായത്ത് ഭരണ സമിതിയും ശ്രമിച്ചിരുന്നത്. വണ്ടിപ്പേട്ടയുമായി ബന്ധപ്പെട്ട കേസുകളിൽ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടുകൾ പാലത്തിന്റെ നിർമാണത്തെ തടസപ്പെടുത്തുന്നതായിരുന്നു. മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ശ്രമഫലമായി എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ അനുവദിച്ച് നിർമിച്ചതാണ് കോഴഞ്ചേരി പുതിയ പാലം. 2016 ഒക്ടോബർ മാസം 31 നാണ് പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത്. പണം അനുവദിച്ചത് കിഫ്ബിയിൽ നിന്നാണ്. ഉദ്ഘാടനച്ചടങ്ങിന്റെ പേരിൽ പാലം സാധ്യമാക്കാൻ അക്ഷീണം പരിശ്രമിച്ച വീണാ ജോർജിനെയും മുൻ എൽഡിഎഫ് സർക്കാരിനെയും അപമാനിക്കാനും അധിക്ഷേപിക്കാനുമാണ് അബിൻ വർക്കി ശ്രമിച്ചത്.
കോഴഞ്ചേരി പുതിയ പാലം നിർമാണ ഘട്ടത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. അനേകം വർഷങ്ങൾ നീണ്ട കേസുകൾ, മഹാപ്രളയം, കോവിഡ് തുടങ്ങി പ്രതിസന്ധികളെ തരണം ചെയ്താണ് നിർമാണം സാധ്യമാക്കിയത്. യുഡിഎഫ് കാലത്ത് പാലത്തിനായി പഞ്ചായത്ത് പ്രതിനിധികളും പൊതുപ്രവർത്തകരും ഒരു ശുപാർശക്കത്തിനു ചെന്നപ്പോൾ അന്നത്തെ യുഡിഎഫ് എംഎൽഎ അവരെ ആട്ടിയിറക്കി വിട്ട സംഭവം ചരിത്രമാണ്. പൂർണമായി എൽഡിഎഫ് സർക്കാരിന്റെ പദ്ധതി യുഡിഎഫ് വ്യാജ പ്രചാരണത്തിലൂടെ അവരുടേതാക്കാൻ നടത്തുന്ന നീക്കം അപലപനീയമാണെന്നും എൽഡിഎഫ് ആറന്മുള നിയോജകമണ്ഡലം കൺവീനർ എം വി സഞ്ജു പറഞ്ഞു.








0 comments