ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കം

‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026’ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു
ദുബായ്: ദുബായിലെ സാംസ്കാരിക സംഘടനയായ ‘ഓർമ’ സംഘടിപ്പിക്കുന്ന ‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026’ (ഒഎൽഎഫ്)ന് തുടക്കമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ചരിത്രം മാറ്റിയെഴുതപ്പെടുന്ന കാലത്ത് 'ഒ എൽ എഫ്' പോലുള്ള സാംസ്‌കാരിക സാഹിത്യ സംവാദങ്ങൾ നിർണായക പങ്കു വഹിക്കുമെന്ന് പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യാതിഥി ആയി. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുതുതലമുറ കാട്ടുന്ന ജാഗ്രതയുടെ അടയാളമാണ് 'ഓർമ' യുടെ സാഹിത്യോത്സവമെന്ന് എം മുകുന്ദൻ പറഞ്ഞു. സമ്മേളനത്തിൽ ഓർമ പ്രസിഡൻറ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി.
ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി 14നും 15നും നടക്കുന്ന സാഹിത്യ സെഷനുകൾക്ക് ദുബായ് ഖൈസൈസിലെ ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയാകും. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒഎൽഎഫിൽ എഴുത്തുകാരൻ ഗോപീകൃഷ്‌ണൻ , കവി മ്യുസ് മേരി ജോർജ് , മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ പങ്കെടുക്കും. യുഎഇയിലെ നിരവധി പ്രവാസ മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും വിവിധ സെഷനുകളുടെ ഭാഗമാകും.
ഉദ്ഘാടന സമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ഒഎൽഎഫ് സംഘാടക സമിതി ജനറൽ കൺവീനർ പ്രദീപ് തൊപ്പിൽ, ഓർമ സാഹിത്യ വിഭാഗം കൺവീനർ അംബുജം സതീഷ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, സെക്രട്ടറി കാവ്യ സനത് ട്രഷറർ, ഫിറോസ്, വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.










0 comments