ad
Deshabhimani

1.9 ലക്ഷം കടന്ന്‌ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർ

dubai job office
വെബ് ഡെസ്ക്

Published on Jul 23, 2026, 03:07 PM | 1 min read

അബുദാബി : ​യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2026ലെ ആദ്യ പകുതിയിൽ 1.90 ലക്ഷം പിന്നിട്ടതായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. രാജ്യത്തെ ഏകദേശം 32,000 സ്വകാര്യ സ്ഥാപനങ്ങളിലായാണ് ഇത്രയും സ്വദേശികൾ നിലവിൽ ജോലി ചെയ്യുന്നത്. സ്വദേശിവൽക്കരണ നയത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ 95 ശതമാനവും ഈ വർഷത്തിന്റെ ആദ്യ പകുതിക്കുള്ള സ്വദേശി നിയമന ലക്ഷ്യം കൈവരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.


​സ്വകാര്യമേഖലയിൽ ദേശീയ പ്രതിഭകളെ കൂടുതൽ ഉൾപ്പെടുത്താനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധതയും എമിറാത്തി പ്രൊഫഷണലുകളെ വിവിധ സാമ്പത്തിക മേഖലകളിൽ ശക്തിപ്പെടുത്താനുള്ള സർക്കാർ–സ്വകാര്യ മേഖലയുടെ സംയുക്ത ശ്രമങ്ങളും വിജയകരമായി മുന്നേറുന്നതിന്റെ തെളിവാണ് നേട്ടമെന്ന് മന്ത്രാലയം വിലയിരുത്തി. 2026-ലെ രണ്ടാംപകുതിയിലും സ്വദേശിവൽക്കരണ പദ്ധതിക്ക് കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നു. 50-ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ നൈപുണ്യ അധിഷ്ഠിത തസ്തികകളിൽ സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ഒരുശതമാനംകൂടി വർധിപ്പിക്കണമെന്ന നിബന്ധന തുടർന്നും കർശനമായി നടപ്പാക്കും.


സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ സ്വദേശിവൽക്കരണ പാർട്ണേഴ്സ് ക്ലബ്ബിൽ അംഗങ്ങളായി ഉൾപ്പെടുത്തും. മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസിൽ 80 ശതമാനംവരെ ഇളവ് നൽകുകയും ചെയ്യുന്നു. കൂടാതെ, സർക്കാർ വാങ്ങൽ സംവിധാനത്തിൽ മുൻഗണന പദവിയും ഇത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കും. ഇതിലൂടെ സ്ഥാപനങ്ങളുടെ വ്യാപാര വളർച്ചയ്ക്കും തൊഴിൽവിപണിയിലെ മത്സരശേഷി വർധിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കാനും സഹായകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home