"തങ്ങൾക്ക് ശേഷം വരുന്നവർക്കായി മികച്ചൊരു പാത വെട്ടിത്തുറക്കുകയാണവർ"; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആലിയ ഭട്ട്

ആലിയ ഭട്ട്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആലിയ വിദ്യാർത്ഥികൾക്കായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
"കഴിഞ്ഞ കുറച്ചു ദിവസങ്ങൾ എന്റെ ഹൃദയം തകർത്തു, എന്നാൽ പ്രതീക്ഷകളോടെ അത് വീണ്ടും വീണ്ടും കൂട്ടിച്ചേർക്കപ്പെട്ടു. ഉറച്ചുനിൽക്കുന്ന ഓരോ വിദ്യാർഥിക്ക് പിന്നിലും ഒരു സ്വപ്നമുണ്ട്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്, എണ്ണമറ്റ ത്യാഗങ്ങളുടെ യാത്രയുണ്ട്. അവർ അവരെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്, മറിച്ച് തങ്ങളെ പിന്തുണച്ച എല്ലാവരെയും കൂടിയാണ്. ഒപ്പം തങ്ങൾക്ക് ശേഷം വരുന്നവർക്കായി മികച്ചൊരു പാത വെട്ടിത്തുറക്കുക കൂടിയാണ് അവർ ചെയ്യുന്നത്." ആലിയ കുറിച്ചു.
ബോളിവുഡ് നടൻ സൽമാൻ ഖാന് പിന്നാലെയാണ് ആലിയയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ ബോളിവുഡ് താരങ്ങളുടെ മൗനത്തെ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ ഉൾപ്പെടെയുള്ളവർ വിമർശിച്ചതിന് പിന്നാലെയാണ് ആലിയയുടെ ഈ പ്രതികരണം.
ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെ പലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെയാണ് സിനിമ മേഖലയിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണ വിദ്യാർത്ഥികൾക്ക് ലഭിച്ചു തുടങ്ങിയത്. രാജ്കുമാർ റാവു, പ്രകാശ് രാജ്, വിജയ്, അനുപം ഖേർ, ഹുമ ഖുറേഷി, ഷബാന ആസ്മി, ദുൽഖർ സൽമാൻ, ടൊവിനോ, പാർവതി, ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആസിഫ് അലി തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.










0 comments