യൂറോപ്പിൽ കാട്ടുതീ പടരുന്നു; ഫ്രാൻസിൽ 12,000 പേരെ ഒഴിപ്പിച്ചു, മൂന്ന് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു

Photo:Reuters
പാരീസ് : കനത്ത ചൂടിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ കാട്ടുതീ പടരുന്നു. ഫ്രാൻസിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കാട്ടുതീ രൂക്ഷമായതിനെ തുടർന്ന് പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ 12,000ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗിറോണ്ടെ മേഖലയിൽ മാത്രം 2,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വനമേഖലകളിൽ പെട്രോൾ, ഡീസൽ എൻജിനുകളും ഇലക്ട്രിക് എൻജിനുകളും ഉപയോഗിക്കുന്നത് അധികൃതർ നിരോധിച്ചിച്ചു.
പ്രധാന റോഡുകൾ പലതും അടച്ചു. പുതിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ബോർഡോ വിമാനത്താവളത്തിന് സമീപമുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ റെഡ് അലേർട് തുടരുകയാണ്. ഇറ്റലിയിലെ സിസിലിയിലും സ്ഥിതി ഗുരുതരമാണ്. സിസിലിയിലെ സാന് കറ്റാൽഡോയിലുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരു സേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവിടെ മാത്രം 350ലധികം ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാട്ടുതീ പടരുന്നതിന് പിന്നിൽ മനുഷ്യനിർമിതമായ കാരണങ്ങളാണെന്നും ഇത് വലിയ ക്രമസമാധാന പ്രശ്നമായി മാറിയിട്ടുണ്ടെന്നും സിസിലി സിവിൽ പ്രൊട്ടക്ഷൻ തലവൻ സാൽവോ കോസിന പറഞ്ഞു. സ്പെയിനിലെ മാഡ്രിഡിലും കാട്ടുതീ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വില്ലാ ഡെൽ പ്രാഡോ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച താമസക്കാരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 90ഓളം ഉദ്യോഗസ്ഥരും ഹെലികോപ്റ്ററും ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.
സ്പെയിനിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലുടനീളം അടുത്ത കാലത്തായി റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. യൂറോപ്പിലെ 95 ശതമാനം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്നും ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന വൻകരയായി യൂറോപ് മാറിയെന്നും കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










0 comments