കൊണാട്ട് പ്ലേസിലെ കടകൾ വൈകിട്ട് 6.30ക്ക് അടയ്ക്കണം: നിർദേശവുമായി ഡൽഹി മുനിസിപ്പൽ കൗൺസിൽ

കൊണാട്ട് പ്ലേസിലെ കടകൾ അടഞ്ഞുകിടക്കുന്നു
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ പുതിയ വഴികൾ തേടുകയാണ് ബിജെപി സർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സംഘടിച്ചിരിക്കുന്ന ജന്തർമന്തറിലും സമീപ പ്രദേശങ്ങളിലുമെല്ലാം തന്നെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. അതിനിടെ വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെ കൊണാട്ട് പ്ലേസിലെ കടകൾ, ഓഫീസുകൾ, റസ്റ്റോറന്റുകൾ എന്നിവ അടച്ചിടുണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ (എൻഡിടിഎ) സർക്കുലർ പുറപ്പെടുവിച്ചു.
കൊണാട്ട് പ്ലേസിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും ടെലിഫോണിലൂടെ അറിയിച്ചിരുന്നുവെന്ന് സർക്കുലറിൽ അവർ വ്യക്തമാക്കുന്നുണ്ട്. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള വിദ്യാർഥി പ്രതിഷേധത്തെ തുടർന്നുള്ള "ഗുരുതരമായ സാഹചര്യം" കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതൽ എന്നാണ് മുനിസിപ്പൽ കൗൺസിലിന്റെ വാദം.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും, നാശനഷ്ടങ്ങളും പരിക്കുകളും തടയാനുമെന്ന പേരിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികൾക്ക് രാത്രി ഭക്ഷണമോ, വെള്ളമോ പോലുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കാതിരിക്കാനാണ് കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.
ഇതിനിടയിൽ ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ എക്സിൽ കുറിച്ച വരികൾ ശ്രദ്ദേയമാവുകയാണ്. കൊണാട്ട് പ്ലേസിലെ കടകൾ അടച്ചിടാനും കനത്ത സുരക്ഷ ഏർപ്പെടുത്താനും സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ആംബുലൻസുകളുടെ നീണ്ട നിര. കേന്ദ്ര സർക്കാർ ഇന്ന് ജന്തർ മന്തറിൽ വിദ്യാർഥികളെ വീണ്ടും ആക്രമിക്കാൻ തയാറെടുക്കുകയാണോ?" എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ പ്രതിഷേധത്തെ തകർക്കാൻ ഇപ്പോൾ ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നാലെയാണ് കടകൾ അടച്ചിടാനുള്ള തീരുമാനം.









0 comments