ad
Deshabhimani

വിദേശത്തുള്ള പ്രതികൾക്കും തെരച്ചിൽ

തീവ്രവാദ ഫണ്ടിംഗ് ശൃംഖല തകർത്തു; 24 പേർ അറസ്റ്റിൽ

terror
വെബ് ഡെസ്ക്

Published on Apr 13, 2026, 01:07 PM | 1 min read

കുവൈത്ത് സിറ്റി: ദേശീയ സുരക്ഷയെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം എത്തിച്ചിരുന്ന സംഘടിത ശൃംഖല കുവൈത്ത് സുരക്ഷാ സേന തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പൗരത്വം റദ്ദാക്കിയ ഒരാൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്വേഷണത്തിനിടെ പ്രതികളിൽനിന്ന് അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വൻതുക കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കുവൈത്തിലും വിദേശത്തുമായി വ്യാപിച്ചിരുന്ന ശൃംഖലയുടെ പ്രവർത്തനരീതി സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശത്തുള്ള എട്ട് പ്രതികളെ തിരിച്ചറിഞ്ഞതായും, ഇവരിൽ ഒരാളുടെ പൗരത്വവും റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.


മതപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ പണം ശേഖരിച്ച്, അത് ധാർമിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന വ്യാജേന ധനസഹായം നൽകിയവരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ശൃംഖലയുടെ പ്രവർത്തനം. എന്നാൽ അന്വേഷണത്തിൽ ഈ തുകകൾ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ സംഘടനകളിലേക്ക് വഴിമാറിയതായി വ്യക്തമായി. ധനസഹായം നൽകിയവരുടെ വിശ്വാസം ദുരുപയോഗം ചെയ്തതായും കണ്ടെത്തി.


വ്യാപാര- പ്രൊഫഷണൽ സ്ഥാപനങ്ങളെ മറവുപയോഗിച്ച് പണം കൈമാറുകയും നിരീക്ഷണം ഒഴിവാക്കാൻ സൂക്ഷ്മമായി ആസൂത്രണം ചെയ്ത മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വിമാന-കര മാർഗങ്ങളിലൂടെ പണം പല വ്യക്തികളിലൂടെ ഘട്ടംഘട്ടമായി കൈമാറുന്നതായിരുന്നു ശൃംഖലയുടെ രീതി എന്നും അധികൃതർ വ്യക്തമാക്കി.


അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഭീഷണിപ്പെടുത്തുന്ന ഏതൊരു പ്രവർത്തനത്തെയും കർശനമായി ചെറുക്കുമെന്ന് മന്ത്രാലയം ആവർത്തിച്ചു. കുവൈത്തിന്റെ ഭൂപ്രദേശം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും നിയമത്തിന്റെ ആധിപത്യം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home