ad
Deshabhimani

കുവൈത്തിൽ ഭീകര ഗൂഢാലോചന തകർത്തു; 6 പേർ അറസ്റ്റിൽ, 14 പേർ വിദേശത്തേക്ക് രക്ഷപ്പെട്ടു

terror
വെബ് ഡെസ്ക്

Published on Mar 27, 2026, 11:39 AM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന നേതാക്കളെയും നിർണായക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ഭീകരാക്രമണം സുരക്ഷാ ഏജൻസികൾ തകർത്തതായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയായിരുന്നു ഗൂഡാലോചന.


അഞ്ചു സ്വദേശികളും പൗരത്വം പിൻവലിക്കപ്പെട്ട ഒരാളുമടങ്ങിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട 14 പേർ വിദേശത്തേക്ക് രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഇവരിൽ അഞ്ച് സ്വദേശികളും പൗരത്വം പിൻവലിക്കപ്പെട്ട അഞ്ചുപേരും ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വീതം പൗരന്മാരും ഉൾപ്പെടുന്നു.


ഹിസ്ബുള്ളയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് വധശ്രമം ആസൂത്രണം ചെയ്തതോടൊപ്പം, ആക്രമണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവർ ചാരപ്രവർത്തനം, ഭീകരസംഘടനയിൽ അംഗത്വം, ദേശീയ നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തയ്യാറാക്കൽ തുടങ്ങിയ കുറ്റങ്ങൾ സമ്മതിച്ചതായും അറിയിച്ചു.


വിദേശത്ത് ഭീകരസംഘടനയുമായി ബന്ധപ്പെട്ട അംഗങ്ങളിൽനിന്ന് ആയുധ പ്രയോഗം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, നിരീക്ഷണ സാങ്കേതിക വിദ്യകൾ, വധരീതികൾ എന്നിവയിൽ പരിശീലനം നേടിയതായും അവർ സമ്മതിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തോടുള്ള ദ്രോഹമാണെന്നും കുവൈത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട ഗുരുതര കുറ്റകൃത്യങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരെ നിയമനടപടികൾക്കായി പൊതു പ്രോസിക്യൂഷന് കൈമാറിയതായും രക്ഷപ്പെട്ടവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home