എസ്ടിസി നേതാവ് ഐദറൂസ് അല്‍ സുബൈദി അബുദാബിയിലേക്ക് കടന്നതായി സൗദി സഖ്യസേന

Aidarous al-Zubaidi | Photo:AFP
അനസ് യാസിന്‍
Published on Jan 09, 2026, 03:24 PM | 2 min read
മനാമ: യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) നേതാവ് ഐദറൂസ് അല്‍ സുബൈദി യുഎഇയുടെ സഹായത്തോടെ അബുദാബിയിലേക്ക് കടന്നതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. റിയാദില്‍ നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന സുബൈദി സോമാലിയ വഴിയാണ് യമന്‍ വിട്ടതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏദന്‍ തുറമുഖത്തുനിന്ന് ബാമെദ്ഹാഫ് എന്ന കപ്പലിലാണ് സുബൈദി യാത്ര തിരിച്ചത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ പതാക വഹിച്ച ഈ കപ്പല്‍, തിരിച്ചറിയല്‍ സംവിധാനങ്ങള്‍ (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം) ഓഫ് ചെയ്താണ് സോമാലിലാന്‍ഡിലെ ബെര്‍ബെറ തുറമുഖത്തേക്ക് നീങ്ങിയത്. നേരത്തെ ഫുജൈറയില്‍ നിന്ന് മുകല്ലയിലേക്ക് ആയുധങ്ങളും യുദ്ധവിമാനങ്ങളും കടത്താന്‍ ഉപയോഗിച്ച ഗ്രീന്‍ലാന്‍ഡ് എന്ന കപ്പലിന്റെ അതേ പതാകയാണ് ഇതിലും ഉപയോഗിച്ചിരുന്നതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സഖ്യസേന ആരോപിച്ചു. യാത്രക്കിടയില്‍ സുബൈദി യുഎഇ സായുധ സേനയിലെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അവാദ് അല്‍ അഹ്ബാബിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെര്‍ബെറയില്‍ എത്തിയ സുബൈദി അവിടെനിന്നും യുഎഇ ഉദ്യോഗസ്ഥരോടൊപ്പം പ്രത്യേക വിമാനത്തില്‍ സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷു വഴി അബുദാബിയിലേക്ക് തിരിച്ചു. ഒമാന്‍ ഉള്‍ക്കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്തിരുന്നു. അബുദാബിയിലെ അല്‍ റീഫ് സൈനിക വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മാത്രമാണ് ഈ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. സുബൈദി ഒളിവില്‍ പോകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കണ്ട അഹമ്മദ് ഹമീദ് ലംലാസ് (ഏദന്‍ മുന്‍ ഗവര്‍ണര്‍), സുരക്ഷാ സേന കമാന്‍ഡര്‍ മുഹ്സിന്‍ അല്‍ വാലി എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സഖ്യസേന തുടരുകയാണ്. നിലവില്‍ ഇവരുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. ഒരു വിദേശ നേതാവിനെ കടത്താന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അനധികൃതമായി ഉപയോഗിച്ചതിനെക്കുറിച്ച് സോമാലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബറില്‍ ഹദ്റമൗത്ത്, അല്‍ മഹ്റ പ്രവിശ്യകള്‍ എസ്ടിസി പിടിച്ചെടുത്തത് സൗദിയുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയായി റിയാദ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സൗദി നടത്തിയ ശക്തമായ സൈനിക നീക്കത്തിനൊടുവില്‍ വിഘടനവാദികള്‍ക്ക് ഈ മേഖലകളില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു.
സുബൈദിക്ക് പകരം അബ്ദുറഹ്‌മാന്‍ അല്‍ മഹ്രമി എസ്ടിസിയുടെ നേതൃത്വത്തിലേക്ക് വന്നേക്കുമെന്നാണ് സൂചന. മഹ്രമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇപ്പോള്‍ റിയാദില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. സുബൈദിയുടെ നടപടികള്‍ ദക്ഷിണ യമന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റിയാദിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു.
അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സുബൈദിയെ യമനിലെ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലില്‍ നിന്നും പുറത്താക്കി കഴിഞ്ഞു. ഇതോടെ യമനിലെ വിഘടനവാദി നീക്കങ്ങളില്‍ സുബൈദിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏദന്‍ നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സൗദി പിന്തുണയുള്ള സൈന്യം പൂര്‍ണ്ണമായും ഏറ്റെടുത്തിട്ടുണ്ട്










0 comments