ad
Deshabhimani

ഒരു ദിവസം പോലും അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം

us student visa
വെബ് ഡെസ്ക്

Published on Feb 11, 2026, 07:06 PM | 1 min read

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ കുവൈത്തിലേക്ക് എത്തുന്നവർ രാജ്യത്തെ താമസ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 10 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കുന്ന നിയമം കർശനമായി നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


കുടുംബ സന്ദർശക വിസ, ടൂറിസ്റ്റ് വിസ, കൊമേഴ്‌സ്യൽ വിസ, മൾട്ടിപ്പിൾ എൻട്രി ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും വ്യവസ്ഥ ബാധകമാണ്‌. വിസ കാലാവധി അവസാനിച്ചശേഷം ഒരു ദിവസമെങ്കിലും അധികം രാജ്യത്ത്‌ തുടർന്നാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.


കാലാവധി കണക്കാക്കുന്നത് വിസ അനുവദിച്ച തീയതിമുതൽ അല്ല. മറിച്ച് കുവൈത്തിൽ പ്രവേശിച്ച തീയതിമുതൽ ആണ്‌. അതിനാൽ വിസയിൽ രേഖപ്പെടുത്തിയ തീയതികൾക്കൊപ്പം എൻട്രി തീയതി പരിശോധിച്ച് യാത്രാതീയതി ഉറപ്പാക്കണമെന്നും സന്ദർശകർക്ക് നിർദേശം നൽകി. വിസ കാലാവധി തീർന്നശേഷം രാജ്യത്ത് തുടരാൻ യാതൊരു ഇളവുകളും അനുവദിക്കില്ല. നിയമലംഘനം തുടരുന്ന ദിവസങ്ങൾക്കനുസരിച്ച് പിഴ കൂട്ടിച്ചേർക്കപ്പെടും. ഇതോടൊപ്പം, ഈ രീതിയിൽ ഈടാക്കുന്ന പിഴയ്ക്ക് പരമാവധി പരിധി 2000 ദിനാർ ആയി നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


പിഴയടയ്ക്കാതെ രാജ്യത്തുനിന്ന് പുറപ്പെടാൻ അനുവദിക്കില്ല. വിമാനത്താവളത്തിലെ യാത്രാനടപടിക്രമങ്ങളിൽ പിഴ തീർപ്പാക്കൽ നിർബന്ധമാകും. ദീർഘകാല നിയമലംഘന കേസുകളിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളും ഭാവിയിൽ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് പ്രവേശന വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കാമെന്നും മുന്നറിയിപ്പ് നൽകി.


സാധാരണഗതിയിൽ കുടുംബ സന്ദർശക വിസകൾക്ക് ഒരുമാസവും ടൂറിസ്റ്റ് വിസകൾക്ക് മൂന്നുമാസവുമാണ് കാലാവധി ലഭിക്കാറുള്ളത്. എന്നാൽ, അനുവദിച്ച കാലാവധി കഴിഞ്ഞാൽ ഉടൻ നിയമലംഘനമായി മാറുന്ന സാഹചര്യത്തിൽ, യാത്രാക്രമീകരണങ്ങൾ മുൻകൂട്ടി പൂർത്തിയാക്കി സമയബന്ധിതമായി രാജ്യം വിടുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home