സമൂഹ മാധ്യമത്തിൽ വ്യാജപ്രചാരണം: 7 പേരെ അറസ്റ്റ് ചെയ്ത് റാസൽഖൈമ പൊലീസ്

റാസൽഖൈമ : ആശങ്കയും അസ്ഥിരതയും സൃഷ്ടിക്കുന്ന വ്യാജ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഏഴുപേരെ റാസൽഖൈമ പൊലീസ് കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ വർഷം തുടക്കംമുതൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. വിവിധ രാജ്യക്കാരായ പ്രതികൾ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ, വിഭാഗീയതയുണ്ടാക്കുന്ന കമന്റുകൾ, ശബ്ദ-ദൃശ്യങ്ങൾ എന്നിവ നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചിരുന്നു.
ഇത് പൊതുജനങ്ങളിൽ ആശങ്ക ഉയർത്തുകയും സാമൂഹിക ഐക്യവും വിശ്വാസവും തകരുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. ഇവർ പങ്കുവച്ച ഉള്ളടക്കത്തിൽ ദുരൂഹവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഇലക്‌ട്രോണിക് ഇൻവെസ്റ്റിഗേഷൻ അധികൃതർ പറഞ്ഞു. പ്രത്യേക ടീം, നിയമലംഘകരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ച് ഇടപെടലുകൾ ട്രാക്ക് ചെയ്തിരുന്നു. തെളിവുകൾ ശേഖരിച്ചശേഷമാണ് നിയമനടപടി സ്വീകരിച്ചത്. സമൂഹത്തെ ഇത്തരത്തിലുള്ള ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments