റാസൽഖൈമ ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ വേഗപരിധി കുറച്ചു

റാസൽഖൈമ : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റാസൽഖൈമയിലെ പ്രധാന പാതയായ ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനം. അപ്ലൈഡ് ടെക്‌നോളജി സ്കൂളുകളിൽനിന്ന് അൽ ഖറാൻ റൗണ്ട് എബൗട്ടുവരെയുള്ള ഭാഗത്ത് നിലവിലുണ്ടായിരുന്ന 100 കിലോമീറ്റർ വേഗപരിധി 80 ആയാണ് കുറച്ചത്. തീരുമാനം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു.
വേഗപരിധി പ്രാബല്യത്തിൽ വരുന്നതിനുപിന്നാലെ റോഡിലെ സ്‌പീഡ് കാമറകൾ പുതുക്കിയ പരിധിക്കനുസരിച്ച് ക്രമീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റഡാർ നിയന്ത്രണം 101 കിലോമീറ്റർ വേഗതയിൽ ആരംഭിക്കും. യാത്രക്കാർ മുൻകൂട്ടി യാത്രാസമയം ക്രമീകരിക്കുകയും അധിക സമയം മാറ്റിവയ്ക്കുകയും ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. ദിവസേന വലിയ തോതിൽ വാഹനങ്ങൾ കടന്നുപോകുന്ന, മറ്റ് എമിറേറ്റുകളുമായി റാസൽഖൈമയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. താമസ -വാണിജ്യ മേഖലകൾ കടന്നുപോകുന്നതിനാൽ ഇവിടെ വേഗനിയന്ത്രണം അനിവാര്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വാഹനസാന്ദ്രത, ചുറ്റുപാടുകളിലെ ഭൂമിവിനിയോഗം, അപകട കണക്കുകൾ തുടങ്ങിയവ വിശദമായി വിലയിരുത്തിയശേഷമാണ് തീരുമാനം. അപകടങ്ങളുടെ തീവ്രത കുറയ്ക്കാനും ആകെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും തിരക്കേറിയ പാതകളിൽ വേഗപരിധി കുറയ്ക്കുന്നത് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണെന്ന് പൊലീസ് വ്യക്തമാക്കി.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സുരക്ഷിത ഗതാഗതം ഉറപ്പാക്കാനുമുള്ള പൊലീസിന്റെ പ്രതിബദ്ധതയാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. പുതുക്കിയ വേഗപരിധി കർശനമായി പാലിക്കണം. റോഡ് അടയാളങ്ങളും ഗതാഗത നിർദേശങ്ങളും ശ്രദ്ധിക്കണം. ഡ്രൈവർമാരുടെ സഹകരണമില്ലാതെ ഇത്തരം സുരക്ഷാ നടപടികൾ വിജയകരമാകില്ല. വേഗപരിധി പാലിക്കുന്നത് പിഴകൾ ഒഴിവാക്കുന്നതിലുപരി മനുഷ്യജീവൻ രക്ഷിക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസുരക്ഷയാണ് മുൻഗണനയെന്ന് ആവർത്തിച്ച അധികൃതർ, തുടർച്ചയായ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റ് റോഡുകളിലും സമാന നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.










0 comments