269 തൊഴിലുകളിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി തീരുമാനം

മനാമ: വിവിധ മേഖലകളിലായി 269 തൊഴിലുകളിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ദന്തചികിത്സ, ഫാർമസി, അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ് ടെക്‌നിക്കൽ തൊഴിലുകൾ എന്നിവ സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടും. ഈ വർഷം ജൂലൈ 27 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പാക്കുക.
പുതിയ തീരുമാനമനുസരിച്ച് ഫാർമസി തൊഴിലുകളിൽ 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവും സൗദികളെ നിയമിക്കണം. കമ്മ്യൂണിറ്റി ഫാർമസികളുടെയും മെഡിക്കൽ കോംപ്ലക്‌സുകളുടെയും പ്രവർത്തനങ്ങളിൽ സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്തി. ഫാർമസി തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമായിരിക്കും.
ദന്തചികിത്സാ മേഖലയിലെ സ്വദേശിവൽക്കരണം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. മൂന്നോ അതിലധികമോ പേർ ജോലി ചെയ്യുന്ന ദന്തചികിത്സാ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണം പരിധിയിൽ വരും. 45 ശതമാനം സ്വദേശിവൽക്കരണം എന്ന ആദ്യഘട്ടം ജൂലൈ 27 ന് പ്രാബല്യത്തിൽ വരും. തീരുമാനം പുറപ്പെടുവിച്ച് 12 മാസത്തിന് ശേഷം നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 55 ശതമാനമാണ് സ്വദേശിവൽക്കരണം. കൂടാതെ ദന്തചികിത്സാ തൊഴിലിന്റെ മിനിമം വേതനം 9,000 റിയാലായി വർദ്ധിപ്പിക്കും.
എൻജിനീയറിംഗ് സാങ്കേതിക ജോലികളിൽ 30 ശതമാനമാണ് പ്രാദേശികവൽക്കരണം. എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. അക്കൗണ്ടിംഗ് പ്രൊഫഷനുകളിൽ സൗദിവൽക്കരണം ഈ വർഷം ഒക്ടോബർ 27 മുതൽ അഞ്ച് വർഷം നീളുന്ന അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 40 ശതമാനമാണ് സ്വദേശിവൽക്കരണം. അത് ഘട്ടംഘട്ടമായി 70 ശതമാനമായി ഉയർത്തും. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ ഘട്ടം ബാധകമാണ്.
മലയാളികളടക്കം വിദേശികൾ വൻതോതിൽ ജോലി ചെയ്യുന്ന മേഖലകളാണ് പുതുതായി സ്വദേശിവൽക്കരണം പ്രഖ്യാപിച്ച തൊഴിലുകൾ.
സൗദി ഉദ്യോഗാർഥികൾക്ക് കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിൽ അവസരം പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
സ്വദേശിവൽക്കരണം കണക്കാക്കാനുള്ള സംവിധാനത്തെക്കുറിച്ചും നിയമലംഘകർക്കെതിരെ ചുമത്തിയ പിഴകളെക്കുറിച്ചും തൊഴിലുടമയെ അറിവുയിക്കാനായി മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ നടപടിക്രമം പുറത്തിറക്കി. 2011ൽ ആരംഭിച്ച സൗദിവൽക്കരണം, സൗദി തൊഴിലാളികൾക്ക് വ്യവസായ-നിർദ്ദിഷ്ട ക്വാട്ടകൾ നിശ്ചയിച്ച് സ്വകാര്യമേഖലയിൽ സൗദി തൊഴിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഈ സംരംഭം സൗദി തൊഴിലില്ലായ്മയിൽ ഗണ്യമായ കുറവുണ്ടാക്കി, തൊഴിലില്ലായ്മ 2018 ൽ 12.8 ശതമാനത്തിൽ നിന്ന് 2024 പകുതിയോടെ 7.1 ശതമാനമായി കുറഞ്ഞു. 2030-ഓടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായി കുറക്കാനാണ് സൗദി ലക്ഷ്യം.










0 comments