സൗദിയിൽ ഉച്ചസമയത്തെ ജോലി വിലക്ക് പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും

പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചസമയത്തെ ജോലി വിലക്ക് പ്രാബല്യത്തിൽ വന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം. ജൂൺ 15 മുതൽ ആരംഭിച്ച ഈ നിയന്ത്രണം സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം തുടരുമെന്ന് മാനവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന തൊഴിൽപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി 'നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തു'മായി സഹകരിച്ചാണ് മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം വിജയകരമായി നടപ്പാക്കാൻ സാധിച്ചതായും 2025-ൽ രാജ്യത്തെ സ്ഥാപനങ്ങളുടെ നിയമവിധേയത്വ നിരക്ക് 94 ശതമാനത്തിൽ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ഈ വിലക്ക് കാലയളവിൽ നിർദ്ദിഷ്ട തൊഴിൽ സമയം ക്രമീകരിക്കാനും തൊഴിലിടങ്ങളിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ളം ലഭ്യമാക്കുക, അനുയോജ്യമായ വിശ്രമകേന്ദ്രങ്ങളും തണലുള്ള സ്ഥലങ്ങളും ഒരുക്കുക പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റുകൾ (സുരക്ഷാ ഉപകരണങ്ങൾ) നൽകുക, അമിത ചൂട് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുക തുടങ്ങിയ സൗകര്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതുണ്ട്.
കടുത്ത ചൂടുള്ള സമയങ്ങളിൽ തൊഴിലാളികളുടെ ശാരീരിക അവസ്ഥ കൃത്യമായി നിരീക്ഷിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും രോഗങ്ങൾ തടയുന്നതിനുമുള്ള മാർഗ്ഗരേഖകൾ മന്ത്രാലയം തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉച്ചസമയത്തെ ജോലി വിലക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്. മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്റർ നമ്പറായ 19911 വഴിയോ, സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments