ചായക്കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ അമിതവേഗതയിലെത്തിയ കാർ വഴിയോരത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി മൈത്രി വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗജപതി നഗറിലാണ് സംഭവം.
റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ ജെയ്‌റോം എക്ക, സന്തോഷ് ബെഹ്‌റ എന്നിവർ തിങ്കളാഴ്ച രാത്രിയും ലക്ഷ്മിധർ ടുഡു ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഗഞ്ചം ജില്ല സ്വദേശിയായ അനിൽ കുമാർ ഗൗഡ (30) പൊലീസിൽ കീഴടങ്ങി. ഇയാളെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
തുമ്മലോ കടുത്ത ചുമയോ വന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ പ്രാഥമിക മൊഴി. അപകടത്തിന് തൊട്ടുമുമ്പ് താൻ ചുമയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നതായും ഇയാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.









0 comments