ad
Deshabhimani

‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’: സംസ്ഥാനത്തെ റേഷൻ കടകളിലും ഗോഡൗണുകളിലും മിന്നൽ പരിശോധന

OPERATION BHAKSHYA SURAKSHA.
വെബ് ഡെസ്ക്

Published on Jun 16, 2026, 12:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ ഇന്ന് രാവിലെ 10.30 മുതലാണ് സംസ്ഥാനതല പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തുടനീളം തിരഞ്ഞെടുത്ത 14 എൻഎഫ്എസ്എ ഗോഡൗണുകളിലും 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തുന്നത്.


വിവിധ സർക്കാർ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന. പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്രിമം കാണിച്ച് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. റേഷൻ കട ലൈസൻസികൾ, ഗോഡൗൺ ജീവനക്കാർ, കരാറുകാർ, ചില ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടക്കുന്നത്. ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട റേഷൻ വിഹിതം വ്യാജ ബില്ലിംഗ് വഴിയും, ഒടിപി ദുരുപയോഗം ചെയ്തും തട്ടിയെടുക്കുന്നതായും വിവരമുണ്ട്.


എൻഎഫ്എസ്എ ഗോഡൗണുകളിലെ രേഖകളിലുള്ള സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, ധാന്യങ്ങൾ ഗോഡൗണുകളിൽ നിന്ന് നേരിട്ട് കടത്തി കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന തുടരുന്നത്.


അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ അറിയിക്കാം:


ടോൾ ഫ്രീ നമ്പർ: 1064


ഫോൺ നമ്പർ: 8592900900


വാട്‌സ്ആപ്പ് നമ്പർ: 9447789100



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home