ad
Deshabhimani

ലോകകപ്പ് ചരിത്രം തിരുത്തി 40 കാരൻ വോസീന്യ; കന്നി മത്സരത്തിൽ റെക്കോർഡുകൾ തകർത്ത് കേപ് വെർദെ ഗോൾകീപ്പർ

cape verde goli

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 16, 2026, 11:48 AM | 2 min read

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനെ ഗോളില്ലാ സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്രം കുറിച്ചപ്പോൾ കളിയിലെ യഥാർത്ഥ ഹീറോയായത് അവരുടെ നാൽപ്പതുകാരനായ ഗോൾകീപ്പർ വോസീന്യയാണ്.


ജോസിമർ ഡയസ് എന്ന യഥാർത്ഥ പേരുള്ള വോസീന്യ, 40 വയസ്സും 12 ദിവസവും പ്രായമുള്ളപ്പോഴാണ് തന്റെ രാജ്യത്തിനായി ലോകകപ്പ് വേദിയിൽ ആദ്യമായി ബൂട്ട് കെട്ടുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു രാജ്യത്തിന്റെ അരങ്ങേറ്റ മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന അപൂർവ്വ റെക്കോർഡ് ഈ വെറ്ററൻ താരം സ്വന്തമാക്കി.


മറ്റു കളിക്കാരെ അപേക്ഷിച്ച് ഏറെ വൈകി, തന്റെ 25-ാം വയസ്സിൽ മാത്രം പ്രൊഫഷണൽ ഫുട്ബോൾ കളിച്ച് തുടങ്ങിയ ആളാണ് വോസീന്യ. പലതവണ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും ലോകകപ്പ് എന്ന വലിയ സ്വപ്നമാണ് അദ്ദേഹത്തെ ഇത്രയും കാലം കളിമുറ്റത്ത് പിടിച്ചുനിർത്തിയത്.


നിലവിൽ പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസിന് വേണ്ടിയാണ് ഈ താരം ഗ്ലൗസണിയുന്നത്. 1986 ലോകകപ്പിൽ തിളങ്ങിയ ബ്രസീലിയൻ പ്രതിരോധ താരം ജോസിമറിന്റെ പേര് കേപ് വെർദെ അധികൃതർ നൽകിയതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.


യൂറോപ്യൻ വമ്പന്മാരായ സ്പെയിനിന്റെ കടുത്ത ആക്രമണങ്ങൾക്ക് മുന്നിൽ വൻ മതിൽ തീർത്ത വോസീന്യ മത്സരത്തിൽ 7 നിർണ്ണായക സേവുകളാണ് നടത്തിയത്. 1986-ൽ ബ്രസീലിനെതിരെ വടക്കൻ അയർലൻഡിന്റെ പാറ്റ് ജെന്നിങ്സ് നടത്തിയ 10 സേവുകൾക്ക് ശേഷം, ലോകകപ്പ് ചരിത്രത്തിൽ 40 വയസ്സിന് മുകളിലുള്ള ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.


മണിക്കൂറുകൾക്കുള്ളിൽ ഫോളോവേഴ്‌സ് 15 ലക്ഷം കടന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി വോസീന്യ


സ്പെയിനെതിരെയുള്ള അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ കളിക്കളത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും വോസീന്യ തരംഗമായി മാറിക്കഴിഞ്ഞു. സ്പെയിനുമായുള്ള ചരിത്ര മത്സരത്തിന് തൊട്ടുമുമ്പ് വരെ ഇൻസ്റ്റാഗ്രാമിൽ വെറും 50,000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന വോസീന്യയ്ക്ക്, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 1.5 മില്യൺ ഫോളോവേഴ്‌സിനെയാണ്.


ബ്രസീലിലെ ഔദ്യോഗിക ലോകകപ്പ് ഡിജിറ്റൽ ബ്രോഡ്കാസ്റ്റർമാരായ 'കാസെ ടിവി' തങ്ങളുടെ പ്രേക്ഷകരോട് വോസീന്യയെ ഫോളോ ചെയ്യാൻ അഭ്യർത്ഥിച്ചതോടെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ അവിശ്വസനീയമായ കുതിച്ചുചാട്ടമുണ്ടായത്.


അഞ്ചരലക്ഷം മാത്രം ജനസംഖ്യയുള്ള, ലോകകപ്പ് ചരിത്രത്തിൽ യോഗ്യത നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് കേപ് വെർദെ. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ തങ്ങളുടെ നീലയും ചുവപ്പും വെള്ളയും കലർന്ന ദേശീയ പതാകകളേന്തി ടീമിനായി 90 മിനിറ്റും ഒരേ സ്വരത്തിൽ ആർത്തുവിളിച്ച ആരാധകരും കളി കണ്ട് നിഷ്പക്ഷരായിരുന്ന കാണികളും ഒരുപോലെ ഈ കൊച്ചുരാജ്യത്തിന്റെ വമ്പൻ നേട്ടം മൈതാനത്ത് ഒരുമിച്ച് ആഘോഷമാക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home