വ്യാജ മൊബൈൽ ഫോണുകളുടെ വിൽപ്പന: കർശന നടപടികളുമായി യുഎഇ

ഷാർജ: വ്യാജ മൊബൈൽ ഫോണുകളുടെ വിൽപനക്കെതിരെ യുഎഇ കർശനമായ നടപടി സ്വീകരിക്കുന്നു. ബാറ്ററി അമിതമായി ചൂടാകൽ, സ്ഫോടനം, ഉപഭോക്തൃ സ്വകാര്യതയെ ഭീഷണിപ്പെടുത്തുന്ന മാൽവെയർ അടങ്ങിയിരിക്കാൻ ഉള്ള സാധ്യത എന്നീ ഭീഷണികൾ വ്യാജ മൊബൈൽ ഫോണുകളുടെ ഉപയോഗ മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്ന അപ്രൂവൽ സിസ്റ്റം വഴി നിർമാതാക്കളും എല്ലാ റീട്ടെയിൽ വിതരണക്കാരും പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനോ വിൽക്കുന്നതിനോ മുൻപ് ഒരു സർട്ടിഫിക്കേഷന്‍ നേടേണ്ടതുണ്ട്. വൈദ്യുത സുരക്ഷ, പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുമായുള്ള അനുയോജ്യത എന്നിവ ഉൾപ്പെടെ യുഎഇയിൽ അംഗീകരിച്ച സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ മൊബൈൽ ഫോണുകൾ പാലിക്കുന്നുണ്ടെന്ന് അതോറിറ്റിയുടെ സിസ്റ്റം ഉറപ്പുവരുത്തുന്നു. ലൈസൻസ് ഉള്ള ബ്രാൻഡുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ ശ്രമങ്ങൾ സഹായിക്കുന്നു.
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2020ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 15 വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറ്റകരമാക്കുന്നു. നിയമലംഘകർക്ക് രണ്ടുവർഷം വരെ തടവും 10,000 മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. സാമ്പത്തിക മന്ത്രാലയം, ടെലി കമ്മ്യൂണിക്കേഷൻ സർഗുലേറ്ററി അതോറിറ്റി, ഓരോ എമിറേറ്റ് പ്രാദേശിക സാമ്പത്തിക വകുപ്പുകൾ തുടങ്ങിയ അതോറിറ്റികൾ വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു വരുന്നു. വ്യാജ മൊബൈൽ ഫോണുകൾ വാങ്ങുന്നത് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നതോടൊപ്പം, *#06# ഡയൽ ചെയ്ത് ഉപകരണ സീരിയൽ നമ്പർ പരിശോധിക്കുകയും ഫോൺ ആധികാരികമാണ് എന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.










0 comments