മുഹമ്മദ് റിയാസിന് ജിസാനിലെ പ്രവാസി സമൂഹത്തിന്റെ അന്ത്യാഞ്‌ജലി

ജിസാൻ: ജിസാനിലെ റോഡപകടത്തിൽ മരിച്ച സാമൂഹിക പ്രവർത്തകനായ മലപ്പുറം മഞ്ചേരി പാണായി മുള്ളമ്പാറ ആനക്കയം കോർമത്ത് വീട്ടിൽ റിയാസ് ബാബു (47) വിന്റെ മൃതദേഹം ജിസാനിൽ ഖബറടക്കി. അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസമാണ് അബൂഅരീഷിന് സമീപമുള്ള വാസലിയിൽ താമസസ്ഥലത്തിനടുത്ത് വെച്ച് വാഹനമിടിച്ച് റിയാസ് ബാബു മരണമടഞ്ഞത്. അബൂഅരീഷ് കിംഗ്‌ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വാസലിയിൽ കൊണ്ടുവന്നപ്പോൾ പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം വലിയൊരു ജനാവലി എത്തിയിരുന്നു. റിയാസ് ബാബുവിന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകൻ ജിദ്ദയിൽ ജോലിചെയ്യുന്ന ജസീലും സഹപ്രവർത്തകനായ അബ്‌ദു സമീർ കൊടുവള്ളിയും "ജല" പ്രവർത്തകരും ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം വാസലി അബ്‌ദുള്ള ബിൻ അൽമുഹൈദബ് മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം വാസലി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. മുസ്‌തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
"ജല" കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂണിറ്റ് ഭാരവാഹികളായ അഷറഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്‌തത്. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. "ജല" നേതാക്കളായ ഡോ. രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐസിഎഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർഗോഡ്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിന് എത്തിയിരുന്നു.
ഈ മാസം 21 ന് രാത്രി പതിനൊന്നരയോടെയാണ് വാസലിയിൽ വെച്ച് റിയാസ് ബാബിവിന് അപകടമുണ്ടായത്. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റിയാസ് ബാബു അബൂഅരീഷ് കിംഗ്‌ഫഹദ് സ്പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആഗസ്റ്റ് 22 പുലർച്ചെ മൂന്നിന് മരിച്ചു.
റിയാസ് വാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ 18 വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന റിയാസ് എട്ടു മാസം മുമ്പാണ് നാട്ടിൽ പോയിവന്നത്. "ജല"യുടെ പ്രവർത്തകനായിരുന്ന റിയാസ് ദീർഘകാലമായി സാമൂഹിക പ്രവർത്തങ്ങളിൽ വളരെ സജീവമായിരുന്നു. കോവിഡ് കാലത്ത് ജിസാൻ ബെയിഷിലായിരുന്ന റിയാസ് ശ്രദ്ധേയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മുഹമ്മദ് കോർമത്തിന്റെയും സുഹ്‌റയുടെയും മകനാണ്. പി. ഷാഹിനയാണ് ഭാര്യ. മക്കളായ ഹാനിയ, ഹനാൻ, ഹന എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.










0 comments