Deshabhimani

പര്യാപ്തമാണോ പ്രവാസി പുനരധിവാസ പദ്ധതികൾ

Aircraft
avatar
ആർ മധുസൂദനൻ

Published on Oct 17, 2026, 09:33 AM | 2 min read

ഗൾഫ് മേഖലയിലെ സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റവും സംഘർഷാവസ്ഥയും തൊഴിൽ മേഖലയിലെ സ്വദേശീവൽക്കരണവും നിരവധി പ്രവാസികളെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയാണ്. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്‌ത്‌ കുടുംബത്തിനും നാടിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ സംഭാവന നൽകിയ പ്രവാസികൾ തിരിച്ചെത്തുമ്പോൾ അവർ നേരിടുന്ന പ്രധാന പ്രശ്നമാണ് "പുനരധിവാസം’. എന്നാൽ, നിലവിലെ പുനരധിവാസ പദ്ധതികൾ തീരെ അപര്യാപ്തമാണ്. ന്യായമായ വായ്‌പ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വളരെ പ്രധാന കാര്യങ്ങളാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ധാരാളം ഈടില്ലാ വായ്‌പകൾ നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം സമയത്തിന് കിട്ടുക എന്നുള്ളത് വെല്ലുവിളിയാണ്.

ചെറിയ തുകയ്‌ക്കുള്ള കാർഷിക, ചെറുകിട കച്ചവട വായ്‌പകൾ പോലുള്ളവ അനുവദിക്കുന്ന കാര്യത്തിൽ ബാങ്കുകൾ പ്രവാസികളോട് വലിയ അലസതയാണ് കാണിക്കുന്നത്. പ്രവാസികൾ തിരിച്ചെത്തുമ്പോൾ അവരുടെ അക്കൗണ്ടിൽ കാര്യമായ തുക ഉണ്ടാകില്ലെന്നതും ബാങ്കുകളെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നു.

നോർക്ക റൂട്സിന്റെ പുനരധിവാസ പദ്ധിതി എൻഡിപിആർഇഎം (NDPREM) വഴി 30 ലക്ഷംവരെയുള്ള വായ്‌പ വിവിധ ആവശ്യങ്ങൾക്കായി തിരിച്ചെത്തുന്ന പ്രവാസികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 15 ശതമാനം മൂലധന സബ്സിഡി, മൂന്നുശതമാനം പലിശ സബ്സിഡി എന്നിവ ഈ പദ്ധതിയുടെ സവിശേഷതയാണ്. സംസ്ഥാനത്തെ 19 ബാങ്കുകളും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 2013–-2023 കാലയളവിൽ 6600ഓളം സംരംഭങ്ങളാണ് പദ്ധതി വഴി നടപ്പാക്കിയത്.


വേണ്ടത്‌ പുനരധിവാസ പാക്കേജ്‌


വിദേശത്ത് വർഷങ്ങളോളം നേടിയ സാങ്കേതിക, മാനേജ്‌മെന്റ്‌ മേഖലകളിലെ പരിചയം നാട്ടിൽ പ്രയോജനപ്പെടുത്താനുള്ള സംവിധാനം ആവശ്യമാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ആവശ്യങ്ങൾ ഒരുപോലെയല്ല. ചിലർക്ക് സംരംഭം തുടങ്ങാനുള്ള മൂലധനമുണ്ട് പക്ഷേ, അനുയോജ്യമായ മാർഗനിർദേശം ആവശ്യമുണ്ട്. ചിലർക്ക് വിദേശത്ത് നേടിയ മികച്ച തൊഴിൽപരിചയമുണ്ടെങ്കിലും നാട്ടിൽ അതിനനുസരിച്ചുള്ള ജോലി ലഭിക്കുന്നില്ല. മറ്റൊരു വിഭാഗം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ്. എല്ലാവർക്കും ഒരേരീതിയിലുള്ള ധനസഹായം നൽകുന്നതിനുപകരം, തൊഴിൽ, സംരംഭം, നൈപുണ്യം, സാമൂഹിക സുരക്ഷ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പുനരധിവാസ പാക്കേജാണ് ആവശ്യം.

അറിവില്ലായ്‌മ വലിയ വെല്ലുവിളിയാണ്. ഇടനിലക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നു. തട്ടിക്കൂട്ട് പ്രൊജക്‌ട്‌ റിപ്പോർട്ടുകളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ വായ്‌പ നിരസിക്കപ്പെടുന്നു. അപ്പോൾ കിട്ടുന്ന വായ്‌പയ്‌ക്കായി പരിചയമുള്ള മേഖല വിട്ട്‌ മറ്റുമേഖലയിലേക്ക് തിരിയുന്നത് അപകടമുണ്ടാക്കും.


മടങ്ങിയെത്തുന്ന പ്രവാസിയുടെ തൊഴിൽപരിചയം വിലയിരുത്തി അനുയോജ്യമായ തൊഴിൽ, പരിശീലനം, സംരംഭകത്വ അവസരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഡാറ്റ ബാങ്ക് ആവശ്യമാണ്. സർക്കാർ, സ്വകാര്യ, സഹകരണ മേഖലയിലെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ നബാർഡ്, ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI) പോലുള്ള സ്ഥാപനങ്ങൾ കൃഷിക്കും മറ്റു അനുബന്ധ മേഖലയ്‌ക്കും കച്ചവടത്തിനും ചെറുകിട ഇടത്തരം വ്യവസായ സ്ഥാപങ്ങൾക്കും മറ്റും വായ്പകൾ നൽകുന്നുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ ഏജൻസികൾ അവബോധം നൽകണം. ജില്ല, താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ സേവനം മെച്ചപ്പെടുത്തുകയും നടപടികളിൽ സമയക്രമം പാലിക്കേണ്ടതും പ്രധാനമാണ്.


(എസ്‌ബിഐ മുൻ ജീവനക്കാരനും മസ്‌കത്തിലെ ഗ്ലോബൽ പേ ഹെഡും ആണ് ലേഖകൻ)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home