ad
Deshabhimani

കാലാവധി കഴിഞ്ഞും രാജ്യത്തു തുടരൽ: പിഴനിരക്ക്‌ വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

visa kuwait
വെബ് ഡെസ്ക്

Published on Dec 31, 2025, 11:33 AM | 1 min read

കുവൈത്ത് സിറ്റി: നിയമപരമായി അനുവദിച്ച കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്ന പ്രവാസികൾക്കെതിരെ ചുമത്തുന്ന പിഴനിരക്ക്‌ വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. താമസ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്. രാജ്യത്ത് പ്രവേശിച്ച ശേഷം നിയമപരമായി നിർദേശിച്ച കാലയളവിൽ താമസാനുമതി നേടാത്തപക്ഷം ആദ്യ മാസം, വൈകിയ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാർ വീതം പിഴ ചുമത്തും. തുടർന്ന് ഓരോ ദിവസത്തിനും നാല് ദിനാർ വീതം പിഴ അടയ്ക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.


ഈ വിഭാഗത്തിൽ പരമാവധി പിഴ 1200 ദിനാറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളി വിസയിൽ എത്തിയ പ്രവാസികൾക്ക് പ്രതിദിനം രണ്ട്‌ ദിനാർ വീതം പിഴ ചുമത്തും. പരമാവധി 600 ദിനാർവരെയാണ് പിഴ. അതേസമയം, വിസിറ്റ് വിസക്കാർ, ട്രാൻസ്‌പോർട്ട് വാഹന ഡ്രൈവർമാർ, ‘അടിയന്തര എൻട്രി’ അനുമതിയോടെ രാജ്യത്ത് പ്രവേശിച്ചവർ എന്നിവർ കാലാവധി കഴിഞ്ഞും രാജ്യത്ത്‌ തുടർന്നാൽ ദിവസം 10 ദിനാർ പിഴ ഈടാക്കും.


ഈ വിഭാഗത്തിൽ പരമാവധി പിഴ 2000 ദിനാറാണ്. പ്രവാസികൾക്ക് ജനിക്കുന്ന കുട്ടികളെ നാലു മാസത്തിനകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ആദ്യ മാസം ദിവസം രണ്ട് ദിനാറും തുടർന്ന് നാലു ദിനാറും പിഴ ചുമത്തും. ഇതിന്റെ പരമാവധി 2000 ദിനാറായി നിശ്ചയിച്ചിട്ടുണ്ട്.
സാധുവായ താമസാനുമതിയുള്ള പ്രവാസികൾക്ക് ആറുമാസത്തിലധികം കുവൈത്തിന് പുറത്തുതുടരാൻ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് ആർട്ടിക്കിളുകൾ 17, 18, 24 പ്രകാരമുള്ള താമസ വിഭാഗങ്ങൾക്ക് ബാധകമാണ്. ആർട്ടിക്കിൾ 20 പ്രകാരമുള്ള ഗാർഹിക തൊഴിലാളികൾക്ക് നാലുമാസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സ്‌പോൺസർ താമസകാര്യ വകുപ്പിലൂടെയോ ‘സഹൽ’ ആപ്പിലൂടെയോ അംഗീകൃത അവധി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ അധികകാല താമസം അനുവദിക്കൂ.


സ്വദേശി വനിതകളുടെ മക്കൾ, സ്വത്തുടമകൾ, വിദേശ നിക്ഷേപകർ എന്നിവരെ ഈ പിഴ വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. താമസ സംവിധാനങ്ങൾ നവീകരിക്കാനും നിയമലംഘനം കുറയ്ക്കാനും പൊതുതാൽപര്യം സംരക്ഷിക്കാനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home