കനത്ത മഴ; ജബൽ ജൈസ് താൽക്കാലികമായി അടച്ചു

റാസൽഖൈമ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് യുഎഇയിലെ ജബൽ ജൈസിൽ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ. പ്രദേശത്ത് അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന് സുരക്ഷാ പരിശോധനകളും പരിപാലന പ്രവർത്തനങ്ങളും നടത്തിയതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.
മഴയെ തുടർന്ന് ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും പാറകളും വഴികളും അപകടസാധ്യതയിലായതുമാണ് നടപടിക്ക് കാരണം. മുൻകരുതലിന്റെ ഭാഗമായി താൽക്കാലിക റോഡ് അടച്ചിടലുകളും ആവശ്യമായ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. വിദഗ്ധ സംഘങ്ങൾ സമഗ്ര പരിശോധനകൾ പൂർത്തിയാക്കുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കും.
ജബൽ ജൈസിലെ ജൈസ് ഫ്ലൈറ്റ് സിപ്പ്‌ലൈൻ, 1484 ബൈ പുരോ, റെഡ് റോക്ക് ബാർബിക്യു, വിയ ഫെറാറ്റ, ബിയർ ഗ്രിൽസ് എക്സ്പ്ലോറേഴ്സ് ക്യാമ്പ്, വ്യൂയിങ് ഡെക്ക് പാർക്കിലെ യോഗ സെഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ ആകർഷണങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ശീതകാലം ജബൽ ജൈസിന്റെ തിരക്കേറിയ സീസണാണെങ്കിലും സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാദികളിൽ ക്യാമ്പ് ചെയ്യരുത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പാറകൾ നീങ്ങാനും വഴികൾ വഴുക്കാനുമുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഹൈക്കിങ്, ക്ലൈംബിങ് മേഖലകൾ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും അപകടസാധ്യതയുള്ള പാതകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി.
രാജ്യത്ത് കനത്ത മഴ അവസാനിച്ചെങ്കിലും തണുപ്പും ഇടയ്ക്കിടെ ചാറ്റൽമഴയും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഓരോ മേഖലയുടെയും സുരക്ഷാ വിലയിരുത്തൽ പൂർത്തിയാക്കിയശേഷമായിരിക്കും പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുക.
തുടർവിവരങ്ങൾ ജബൽ ജൈസിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. സന്ദർശകരുടെ സുരക്ഷയാണ് താൽക്കാലിക അടച്ചിടലിന് പിന്നിലെ മുഖ്യകാരണമെന്ന് മാർജാൻ ലൈഫ്‌സ്റ്റൈൽ സിഇഒ ഡോണൾഡ് ബ്രെംനർ പറഞ്ഞു. ഹജർ പർവതനിരയിലെ ഭാഗമായ ജബൽ ജൈസിന് സമുദ്രനിരപ്പിൽനിന്ന് 1934 മീറ്റർ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ്‌ലൈൻ ഉൾപ്പെടെ നിരവധി സാഹസിക വിനോദകേന്ദ്രങ്ങൾ പ്രദേശത്തുണ്ട്.










0 comments