വിനോദ സഞ്ചാര മേഖലയിൽ റാസൽഖൈമയ്ക്ക് നേട്ടം; 13 ലക്ഷം സഞ്ചാരികൾ: വരുമാനം 12 ശതമാനം ഉയർന്നു

റാസൽഖൈമ: വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞവർഷവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി റാസൽഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി. ഒരു ദിവസത്തിലധികം നീളുന്ന സന്ദർശനത്തിനായി 13 ലക്ഷം സഞ്ചാരികൾ എമിറേറ്റിലെത്തി. മുൻവർഷത്തേക്കാൾ ആറുശതമാനമാണ് വർധന. വിനോദസഞ്ചാര വരുമാനം 12 ശതമാനം ഉയർന്നതായും അതോറിറ്റി സിഇഒ ഫിലിപ്പ ഹാരിസൺ പറഞ്ഞു.
2025 എമിറേറ്റിന് ചരിത്രപ്രധാനമായ വർഷമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങൾ, ചൈന, മധ്യ–-കിഴക്കൻ യൂറോപ് തുടങ്ങിയ പ്രധാന വിപണികളിൽനിന്നുള്ള ശക്തമായ വരവാണ് വളർച്ചയ്ക്ക് കരുത്തായത്. റുമേനിയയിൽനിന്നുള്ള സന്ദർശകർ 41 ശതമാനം വർധിച്ചു. പോളണ്ട് (22), ഉസ്‌ബക്കിസ്ഥാൻ (19), ബലാറൂസ് (26), ഇന്ത്യ (14), ചൈന (19), ബ്രിട്ടൻ (10), റഷ്യ (20) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽനിന്നുള്ള വർധന.
യോഗങ്ങൾ, പ്രോത്സാഹന പരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ ടൂറിസം എന്നിവയിൽനിന്നുള്ള വരുമാനം 25 ശതമാനം വർധിച്ചു. ബിസിനസ് ഇവന്റുകൾക്കും ആഡംബര ഡെസ്റ്റിനേഷൻ ടൂറിസത്തിനും അനുയോജ്യമായ കേന്ദ്രമായി റാസൽഖൈമ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിത്. റോവ് അൽ മർജാൻ ദ്വീപ്, എസ്‌ഒ റാസൽഖൈമ എന്നിവ ഉൾപ്പെടെ പുതിയ ബീച്ച് ഫ്രണ്ട് ഹോട്ടലുകൾ തുറന്നതോടെ ഹോസ്‌പിറ്റാലിറ്റി മേഖലയിലും വൈവിധ്യം വർധിച്ചു. ജാനു, ഫോർ സീസൺസ്, ഫെയർമോണ്ട്, താജ്, എൻഎച്ച് കളക്ഷൻ തുടങ്ങിയ അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. 2030-ഓടെ ഹോട്ടൽ മുറികളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക നീക്കങ്ങളാണിവ.
യുഎഇയിലെ ആദ്യ ഇന്റഗ്രേറ്റഡ് റിസോർട്ട് പദ്ധതി വിൻ അൽ മർജാൻ ദ്വീപിൽ നിർമാണം തുടങ്ങി. 510 കോടി ഡോളർ പദ്ധതിയിൽ 1530 മുറികളും 22 ഭക്ഷണശാലകളും തിയറ്ററും ഉൾപ്പെടും. 2027-ൽ തുറക്കാനിരിക്കുന്ന പദ്ധതി 9000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. മർജാൻ ബീച്ച്, ആർഎകെ സെൻട്രൽ എന്നീ പദ്ധതികളിലും കഴിഞ്ഞ വർഷം വലിയ പുരോഗതിയുണ്ടായെന്നും അതോറിറ്റി സിഇഒ വ്യക്തമാക്കി.










0 comments