റംസാൻ: 26 യാചകരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: ഇൗ വർഷം റംസാൻ ആദ്യവാരത്തിൽ 26 യാചകരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ്. വാർഷിക ‘ഭിക്ഷാടനം പ്രതിരോധ’ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. ക്രിമിനൽ അന്വേഷണ വകുപ്പിന്റെ കീഴിലുള്ളഎമിറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെയാണ് അറസ്റ്റ്. ‘ഭിക്ഷാടനമില്ലാത്ത ജാഗ്രതയുള്ള സമൂഹം’ എന്ന മുദ്രാവാക്യത്തോടെയാണ് ക്യാമ്പയിൻ.
ദുബായ് താമസ, വിദേശ ഡയറക്‌ടറേറ്റ്, ഇസ്ലാമിക, ധാർമിക പ്രവർത്തന വകുപ്പ് തുടങ്ങിയവരുമായി സഹകരിച്ചാണ് ബോധവൽക്കരണ പ്രവർത്തനം നടക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക മാനം സംരക്ഷിക്കുകയും ഭിക്ഷാടനം തടയുകയും ചെയ്യുകയാണ് ലക്ഷ്യം. കർശന നടപടികളും ബോധവൽക്കരണവും വഴി ഓരോ വർഷവും ഭിക്ഷാടകരുടെ എണ്ണം കുറയുന്നതിൽ ക്യാമ്പയിൻ ഫലപ്രദമാണെന്ന് ക്രിമിനൽ അന്വേഷണ വിഭാഗത്തിലെ ബ്രിഗേഡിയർ അലി സാലിം അൽ ഷംസി പറഞ്ഞു. റംസാനിലെ കാരുണ്യവും ദാനധർമവും ചിലർ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുട്ടികളെയും രോഗികളെയും പ്രത്യേക ആവശ്യങ്ങളുള്ളവരെയും ഉപയോഗിച്ച് കരുണ നേടാൻ ശ്രമിക്കുന്ന രീതികൾ ഉൾപ്പെടെ വ്യാജ മാർഗങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള നിരവധി കേസുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ദാനധർമങ്ങൾ ഔദ്യോഗികമായി അംഗീകൃത ധാർമിക സംഘടനകളും സ്ഥാപനങ്ങളും വഴി മാത്രമേ നൽകാവൂ.
ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ‘901’ ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ‘പോലീസ് ഐ’ സേവനം ഉപയോഗിക്കുകയോ ചെയ്യാം. ഓൺലൈൻ ഭിക്ഷാടനം ഇ-– കുറ്റകൃത്യ വേദി വഴിയും അറിയിക്കാം. റംസാൻ മാസത്തിൽ സുരക്ഷയും സാമൂഹ്യസ്ഥിരതയും നിലനിർത്തുന്നതിൽ പൊതുജന സഹകരണം അനിവാര്യമാണെന്നും പൊലീസ് ആവർത്തിച്ചു.










0 comments