90-ൽ അധികം ബ്രാൻഡ്; ജിദ്ദയിൽ സുഗന്ധദ്രവ്യ പ്രദർശനത്തിന് തുടക്കം

ജിദ്ദ: ജിദ്ദ സീസൺ 2025ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സുഗന്ധദ്രവ്യ പ്രദർശനം ജിദ്ദ സൂപ്പർഡോമിൽ ആരംഭിച്ചു. ആഢംബരവും നവീനതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദർശനം 11 ദിവസം നീണ്ടുനിൽക്കും. പ്രാദേശികവും അന്തർദേശീയവുമായ സുഗന്ധദ്രവ്യങ്ങളുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത്. ഉന്നതനിലവാരമുള്ള 90-ൽ അധികം ബ്രാൻഡുകൾ എക്‌സ്‌പോയിൽ പങ്കെടുക്കുന്നു. എക്‌സ്‌ക്ലൂസീവ് ഉൽപ്പന്നങ്ങളുടെ ലോഞ്ചുകളും പ്രാദേശിക, ഗൾഫ്, അന്താരാഷ്ട്ര പെർഫ്യൂം ഹൗസുകളുടെ പ്രത്യേക ഓഫറുകളും എക്‌സ്‌പോയുടെ സവിശേഷതയാണ്. ആദ്യ ദിനം വലിയ ജനപങ്കാളിത്തമാണ് പ്രദർശനത്തിൽ രേഖപ്പെടുത്തിയത്.
സന്ദർശകർക്ക് സമ്പൂർണ സംവേദനാത്മക അനുഭവം നൽകാനായി, വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്വന്തമായി ആവശ്യമുള്ള സുഗന്ധം നിർമിക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് സെന്റ് ലാബും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, പ്രത്യേക വർക്ക്‌ഷോപ്പുകൾ, ചർച്ചാ സെഷനുകൾ, ആഗോള വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും മേളയെ കൂടുതൽ ആകർഷകമാക്കുന്നു. ഉയർന്ന നിലവാരമുള്ള ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമായി സ്ഥാപിക്കുകയെന്ന ജിദ്ദ സീസണിന്റെ ലക്ഷ്യത്തെ പ്രദർശനം ശക്തിപ്പെടുത്തും.










0 comments