പാസ്‌പോർട്ട് കാലാവധി കഴിയൽ; പ്രവാസികൾക്ക് ആശ്വാസവുമായി താമസ വകുപ്പ്

കുവൈത്ത് സിറ്റി : പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി കുവൈത്ത് താമസ വകുപ്പ്. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച്, പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് എംബസി നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി. വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ- മുതൈരിയാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് അപേക്ഷകരുടെ നടപടിക്രമങ്ങൾ ലളിതമാക്കുകയും സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്യാനാണ് നടപടി. പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ വന്നെങ്കിലും സ്വന്തം എംബസി വഴി കാലാവധി ദീർഘിപ്പിക്കപ്പെട്ട പ്രവാസികളുടെ അപേക്ഷകൾ താമസ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും നിർബന്ധമായും സ്വീകരിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ, പാസ്‌പോർട്ടിന്റെ കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ തന്നെ വ്യക്തമായി പതിച്ചിരിക്കണം.
അതേസമയം, ബന്ധപ്പെട്ട എംബസി നൽകുന്ന കത്ത് കുവൈത്ത് വിദേശമന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. പാസ്‌പോർട്ട് കാലാവധി ദീർഘിപ്പിക്കൽ നിയമപരമായി സാധുവാണെന്ന് ഉറപ്പാക്കുന്നതിനാണ് ഈ വ്യവസ്ഥ ഏർപ്പെടുത്തിയത്. സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. നിശ്ചിത നടപടിക്രമങ്ങളിൽനിന്ന് യാതൊരു വ്യതിചലനവും അനുവദിക്കരുത്. ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ശ്രദ്ധിക്കണമെന്നും ഫരീദ് അൽ -മുതൈരി നിർദേശിച്ചു.










0 comments