പാസ്പോർട്ട് അപേക്ഷകൾക്ക് കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോ നിർബന്ധം

ഷാർജ : ഇന്ത്യൻ പ്രവാസികൾ പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുക്കണമെന്ന് അപേക്ഷാ സേവനങ്ങൾക്കായുള്ള ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണൽ നിർദ്ദേശം നൽകി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോട്ടോ മാനദണ്ഡങ്ങൾ ഈ വർഷം സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് നിർദ്ദേശം. മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളായിരിക്കണം അപേക്ഷകർ സമർപ്പിക്കേണ്ടത്. ഐ സിഎ ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ ഇന്ത്യൻ മിഷനുകൾ വ്യക്തമാക്കിയിരുന്നു.
പാസ്പോർട്ട് അപേക്ഷ സേവനങ്ങൾക്കായി ബി എൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോകൾ ഹാജരാക്കുകയും, ഫോട്ടോയുടെ പശ്ചാത്തലമായ വെള്ളയിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വെള്ളയും ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുകയും ചെയ്തു കൊണ്ട് അപേക്ഷകൾ സമർപ്പിക്കണമെന്നും, നിയമം പാലിക്കാത്ത ഫോട്ടോയുള്ള അപേക്ഷകൾ വൈകുന്നതിനും, നിരസിക്കുന്നതിനും കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഫോട്ടോഗ്രാഫുകൾ കളറിലുള്ളതും, 51 mm x 51 mm വലിപ്പത്തിലുള്ളതും, സാധാരണ വെള്ള പശ്ചാത്തലമുള്ളതും, അപേക്ഷകന്റെ മുഖം ഫോട്ടോഗ്രാഫിന്റെ 80 മുതൽ 85 ശതമാനം വരെ ഉള്ളതും, ന്യൂട്രൽ ഭാവത്തിലുള്ളതും ആകണം. കണ്ണുകൾ തുറന്നിരിയ്ക്കുകയും, വായ അടച്ചിരിക്കുകയും വേണം. മൂന്നുമാസത്തിനുള്ളിൽ എടുത്ത ഫോട്ടോകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷകർ പാലിക്കേണ്ട മാർഗനിർദേശത്തിൽ മതപരമായ കാരണങ്ങളാൽ മാത്രം തല മറയ്ക്കാൻ അനുവദിക്കുമെന്നും, എന്നാൽ മുഖം പൂർണ്ണമായും ദൃശ്യമായിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.










0 comments