പാസ്‌പോർട്ട് അപേക്ഷയ്ക്ക് പുതിയ നിർദ്ദേശം

ദുബായ് : പാസ്‌പോർട്ട് അപേക്ഷകർക്കായി പുതിയ നിർദേശം പുറപ്പെടുവിച്ച് ബിഎൽഎസ്. ഇന്ത്യൻ കോൺസുലേറ്റ്, എംബസി എന്നിവ അന്താരാഷ്‌ട്ര വ്യോമയാന സംഘടന (ഐസിഎഒ) മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ മാത്രമേ ഇനി സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന പ്രകാരം, പാസ്‌പോർട്ട് അപേക്ഷകർ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കണമെന്നും ബിഎൽഎസ് വെബ്‌സൈറ്റ് വ്യക്തമാക്കി.
ഫോട്ടോയുടെ നിലവാരം പാസ്‌പോർട്ടിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തെ നേരിട്ട് ബാധിക്കും. നിബന്ധന നിർബന്ധമായും പാലിക്കണം. വെളുപ്പോ ഇളം നിറങ്ങളോ ധരിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കാത്ത ഫോട്ടോ മൂലം അപേക്ഷ തള്ളുകയോ വൈകുകയോ ചെയ്യാം. മൂന്ന് മാസത്തിനുള്ളിലെടുത്ത ഫോട്ടോ ആയിരിക്കണം. ഡിജിറ്റൽ എഡിറ്റുകൾ അനുവദിക്കില്ല. മാനദണ്ഡം പ്രകാരം ബിഎൽഎസ് കേന്ദ്രങ്ങളിൽ പുതുതായി ജനിച്ച കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കാൻ സൗകര്യമില്ല. ഐസിഎഒ മാനദണ്ഡം പാലിക്കുന്ന ഫോട്ടോ സ്റ്റുഡിയോയിൽനിന്ന് എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments