ദുബായിൽ രക്ഷകർതൃ, അധ്യാപക സമിതികൾക്ക് രൂപം നൽകി

ദുബായ് : അധ്യയന വർഷത്തേക്കുള്ള ദുബായ് രക്ഷകർതൃ സമിതിയിലെയും ദുബായ് അധ്യാപക സമിതിയിലെയും അംഗങ്ങളെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.
സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തുന്നതിനാണ് സമിതികൾക്ക് രൂപം നൽകിയത്.
152 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത 15 സ്വദേശികളും പ്രവാസികളുമായ രക്ഷിതാക്കളാണ് ദുബായ് രക്ഷിതാക്കൾ സമിതിയിലുള്ളത്. വിദ്യാർഥികളുടെ പഠനം, കുടുംബക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ സ-്‌കൂളുകളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും വിദ്യാഭ്യാസ നയങ്ങൾക്കും പദ്ധതികൾക്കും നിർദേശങ്ങൾ നൽകാനും സമിതി പ്രവർത്തിക്കും.
160 അപേക്ഷകരിൽനിന്നാണ് 15 അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന ദുബായ് അധ്യാപക സമിതിയെ തെരഞ്ഞെടുത്തത്. അധ്യാപന അനുഭവങ്ങളിൽനിന്നുള്ള പഠനാധിഷ-്‌ഠിത നിർദേശങ്ങൾ സമർപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾക്ക് പിന്തുണ നൽകുക, അധ്യാപകരുടെ ക്ഷേമവും വിദ്യാർഥികളുടെ പഠനാനുഭവവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുക എന്നിവയാണ് സമിതിയുടെ ചുമതല.
ഇതിനുപുറമെ സ്വകാര്യ വിദ്യാലയങ്ങളിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ 16 വിദ്യാർഥികളെ ഉൾപ്പെടുത്തി ദുബായ് വിദ്യാർഥി സമിതിയുടെ രണ്ടാം ബാച്ചിനും അംഗീകാരം നൽകി. 131 അപേക്ഷകരിൽനിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. വിദ്യാർഥികളും വിദ്യാഭ്യാസ മേഖലയിലെ തീരുമാനമെടുക്കുന്നവരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് സമിതി വേദിയാകും.
മൂന്ന് സമിതികളുടെയും അംഗത്വ കാലാവധി ഔദ്യോഗിക നിയമന തീയതി മുതൽ ഒരുവർഷമാണ്. പ്രവർത്തനമികവും തുടർന്നുള്ള യോഗ്യതയും പരിഗണിച്ച് രണ്ടാം കാലാവധിയിലേക്ക് അപേക്ഷിക്കാം. അംഗത്വം സ്വമേധയാ നിർവഹിക്കേണ്ടതും പ്രതിഫലമില്ലാത്തതുമാണ്.









0 comments