ad
Deshabhimani

ഓസ്‌കർ: ‘ഹിജ്റ’ സൗദിയുടെ ഔദ്യോഗിക എൻട്രി

hijra
വെബ് ഡെസ്ക്

Published on Oct 16, 2025, 12:13 PM | 1 min read

ജിദ്ദ : ഓസ്‌കർ പുരസ്‌കാരത്തിന്റെ 98–-ാം പതിപ്പിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് സൗദി അറേബ്യയുടെ ഔദ്യോഗിക എൻട്രി ‘ഹിജ്റ'. പ്രമുഖ സൗദി ചലച്ചിത്ര പ്രവർത്തകരുടെയും വ്യവസായ വിദഗ്ധരുടെയും സമിതിയുടെ തീരുമാനപ്രകാരം ദേശീയ ചലച്ചിത്ര കമീഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി ചലച്ചിത്ര പ്രവർത്തകൻ ഷഹദ് അമീന്റെ രണ്ടാമത്തെ ചിത്രമാണ് ഹിജ്റ. ഓസ്‌കർ അക്കാദമിയുടെ കർശന മാനദണ്ഡത്തിനനുസരിച്ച് സമർപ്പിച്ച സിനിമകൾ വിലയിരുത്തി വോട്ടിങ്ങിലൂടെയാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.


2001-ൽ നടക്കുന്ന കാവ്യാത്മകമായ റോഡ് മൂവിയായാണ് ‘ഹിജ്റ'യെ വിശേഷിപ്പിക്കുന്നത്. സൗദിയുടെ തെക്കുഭാഗത്തുനിന്ന് മക്കയിലേക്ക് തീർഥാടനത്തിനായി പോകുന്ന മുത്തശ്ശിയുടെയും രണ്ട് പേരക്കുട്ടികളുടെയും കഥയാണ് ചിത്രം പറയുന്നത്. യാത്രയ്ക്കിടെ പേരക്കുട്ടികളിലൊരാളായ സാറയെ കാണാതാകുന്നു. മുത്തശ്ശി സിത്തിയും പേരക്കുട്ടി ജന്നയും തുടർന്ന് നടത്തുന്ന മരുഭൂമിയിലൂടെയുള്ള കഠിനമായ യാത്ര മറഞ്ഞിരിക്കുന്ന കുടുംബ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയും സ്ത്രീകളുടെ തലമുറകൾ തമ്മിലുള്ള അന്തരം വ്യക്തമാക്കുകയും ചെയ്യുന്നു.

അൽഉല, തബൂക്ക്, നിയോം, ജിദ്ദ ഉൾപ്പെടെ ഒന്പത് വ്യത്യസ്‌ത സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമ, സ്ത്രീത്വം, സ്വത്വം, ബന്ധങ്ങൾ എന്നീ സുപ്രധാന വിഷയങ്ങളെ കലാപരമായി അവതരിപ്പിക്കുന്നു. ഖൈരിയ നാത്മി, നവാഫ് അൽ -ദഫീരി എന്നിവർക്കൊപ്പം പുതുമുഖമായ ലാമർ ഫാദാനാണ് ജന്ന എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബറാ അലം അതിഥി വേഷത്തിലുമെത്തുന്നു. ബെയ്ത് അമീൻ ഫോർ പ്രൊഡക്ഷൻ, ഇറാഖി ഇൻഡിപെൻഡന്റ് ഫിലിം സെന്റർ, ഐഡിയേഷൻ സ്റ്റുഡിയോസ് എന്നിവയുടെ സഹനിർമാണത്തിലാണ് ചിത്രം ഒരുക്കിയത്‌. ഓസ്‌കർ അക്കാദമിയുടെ നിയമപ്രകാരം ലോകമെമ്പാടുമുള്ള എൻട്രികളുമായി മത്സരിക്കുന്ന ചിത്രം പ്രാഥമിക പട്ടിക, ഫൈനൽ ഷോർട്ട്‌ലിസ്റ്റ് എന്നീ കടമ്പകൾക്കുശേഷമാകും പുരസ്‌കാരത്തിനായി പരിഗണിക്കുക. 98–-ാമത് ഓസ്‌കർ ചടങ്ങ് 2026 മാർച്ചിൽ ലൊസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും. മുമ്പ് 82–-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്‌പോട്ട്‌ലൈറ്റ് മത്സരവിഭാഗത്തിൽ പ്രദർശനത്തിന്‌ ‘ഹിജ്റ' തെരഞ്ഞെടുത്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home