പുതുചരിത്രം രചിച്ച്‌ ഓർമ കേരളോത്സവം

orma keralotsavam
വെബ് ഡെസ്ക്

Published on Dec 02, 2025, 08:49 PM | 2 min read

ദുബായ്‌ : അഭൂതപൂർവമായ ജനപങ്കാളിത്തംകൊണ്ട്‌ പുതുചരിത്രം രചിച്ച്‌ ഓർമ കേരളോത്സവം. യുഎഇ 54–ാം ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ രണ്ടുദിവസങ്ങളിലായി 80,000ൽ അധികം ആളുകൾ പങ്കെടുത്തു. തെയ്യവും തിറയും ദഫ്മുട്ടും ശിങ്കാരിമേളവും പീലിക്കാവടിയും പൂക്കാവടിയും തട്ടുകാവടിയും ആനയും പുലികളിയും മയിലാട്ടവും മുത്തുക്കുടയുമൊക്കെയായി കേരളത്തിന്റെ ഉത്സവാന്തരീക്ഷം ദുബായിൽ പുനഃസൃഷ്ടിച്ചു. മെഗാ തിരുവാതിരയും കുടമാറ്റവും ഒക്കെയുള്ള ആഘോഷം വീക്ഷിക്കാൻ ദുബായ് അമിറ്റി സ്കൂളിലേക്ക്‌ വൻ ജനാവലി ഒഴുകിയെത്തി.

തിങ്കളാഴ്ച വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചൊവ്വ വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമാതാരം അനു സിത്താര ഉദ്‌ഘാടനം ചെയ്തു. മേജർ ഡോ. മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖി മുഖ്യാതിഥിയായി. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. നോർക്ക ഡയറക്‌ടർ ഒ വി മുസ്‌തഫ, പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ കെ കുഞ്ഞമ്മദ്, ഓർമ വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ എന്നിവർ സംസാരിച്ചു. ഓർമ ഭാരവാഹികളായ സി കെ റിയാസ്, കെ വി സജീവൻ, അംബുജാക്ഷൻ, ഫിറോസ്, കാവ്യ, നവാസ്, ജിസ്‌മി, സായന്ത, അവന്തിക, അംബുജം സതീശ്‌ എന്നിവർ പങ്കെടുത്തു. ഓർമ സാഹിത്യ വിഭാഗം മാഗസിൻ ദരിയയും ഓർമ ഫുട്ബോൾ സൂപ്പർ ലീഗിന്റെ ലോഗോയും പ്രകാശിപ്പിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

ഓർമ വാദ്യസംഘത്തിന്റെ പ്രകടനവും 500 വനിതകളടങ്ങിയ മെഗാ തിരുവാതിരയും മസാല കോഫി ബാൻഡിന്റെ സംഗീത പരിപാടിയും ആദ്യ ദിനം നടന്നു. വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുത്ത സംഗീത നിശ ചൊവ്വാഴ്ച നടന്നു. കേരളത്തിന്റെ തനത് വിഭവങ്ങളുമായി ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയ ഒരുക്കി. സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്‌തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ യുഎഇയിലെ ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്ങ്‌ കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര പുരാവസ്തു പ്രദർശനങ്ങൾ എന്നിവയുമുണ്ടായി. മലയാളം മിഷൻ കുട്ടികളുടെ സർഗാത്മകത പ്രദർശിപ്പിക്കാനുള്ള അവസരവും മലയാളം മിഷനിൽ ചേരാനുള്ള രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിരുന്നു. നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്‌, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home