വാഷിങ്ടണിൽ പരമ്പരാഗത ഒമാനി ഫാഷൻ ഷോ

മസ്‌കത്ത്: പരമ്പരാഗത ഒമാനി വസ്ത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ പ്രദർശനം വാഷിങ്ടണിൽ നടന്നു. ‘ഒമാനി ഫാഷൻ നൈറ്റ്' എന്ന പേരിൽ വാഷിങ്ടണിലെ സുൽത്താൻ ഖാബൂസ് കൾച്ചറൽ സെന്ററിലായിരുന്നു പരിപാടി. ഒമാനി സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ച പരിപാടി സാംസ്‌കാരിക വിനിമയത്തിൽ സുപ്രധാന അടയാളപ്പെടുത്തൽ കൂടിയായെന്ന് സുൽത്താൻ ഖാബൂസ് കൾച്ചറൽ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മജിദ് ബിൻ ഹിലാൽ അൽ ഖലീലി പറഞ്ഞു. കേന്ദ്രം സംഘടിപ്പിച്ച ആദ്യ ഫാഷൻ ഷോയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ ഒമാന്റെ സാംസ്‌കാരിക ഇടപെടൽ വികസിപ്പിക്കുന്നതിനും ഒമാനി പൈതൃകത്തെ അമേരിക്കയിലെ വിശാലമായ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിനും കേന്ദ്രം നിർവഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ഒമാനി തദ്ദേശീയ പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒമാനി ഡിസൈനർ അലാ അൽ- സിയാബി, ആകർഷകമായ ഡിസൈനുകളുടെ ശേഖരം അവതരിപ്പിച്ചു. ആഡംബര തുണിത്തരങ്ങളിൽ കൈത്തുന്നലിൽ, പാരമ്പര്യവും പുതുമയും സമന്വയിക്കുന്ന സവിശേഷ ശൈലിയിൽ രൂപകൽപ്പന ചെയ്ത വസ്ത്ര പ്രദർശനം ഹൃദ്യമായ അനുഭവമായി.
ഒമാനി വ്യവസായി റാഷ അൽ- മദനിയുടെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോളതലത്തിൽ ഒമാനി സ്വത്വം പ്രദർശിപ്പിക്കുന്നതിൽ പുതിയ തുടക്കമാണ് പ്രദർശനമെന്ന് റാഷ അൽ -മദനി പറഞ്ഞു. ഒമാന്റെ സാംസ്‌കാരികവും മാനുഷികവുമായ സാന്നിധ്യം ഉയർത്തിക്കാട്ടാനുള്ള വേദിയായിത് മാറി. അമേരിക്കയിലെ ഒമാൻ സ്ഥാനപതി തലാൽ ബിൻ സുലൈമാൻ അൽ റഹ്ബി, യുഎസ് സർക്കാരിലെ നിരവധി നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, പ്രമുഖ മാധ്യമ, സാംസ്‌കാരിക വ്യക്തിത്വങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.








0 comments