ബില്ലുകൾക്ക് ഗവർണർമാർ അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമിക്കില്ല: എം കെ സ്റ്റാലിൻ

MK Stalin.jpg
വെബ് ഡെസ്ക്

Published on Nov 21, 2025, 06:31 PM | 2 min read

ചെന്നെെ: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർമാർ അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലിന്മേൽ തീരുമാനമെടുക്കാനായി സമയപരിധി നിശ്ചയിച്ച വിധിയിൽ രാഷ്ട്രപതിയുടെ റഫൻസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. ഇതുപ്രകാരം രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും യഥാർത്ഥ ഫെഡറലിസത്തിനും വേണ്ടിയുള്ള ഡിഎംകെയുടെ പോരാട്ടം തുടരുമെന്ന് സ്റ്റാലിൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.ഭരണഘടനയുടെ 200-ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.


'ഞങ്ങളുടെ നിയമപോരാട്ടത്തിലൂടെ, രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുമായി ഭിന്നതയിലുള്ള ഗവർണർമാരെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അനുസൃതമായി പ്രവർത്തിക്കാനും, നിയമനിർമാണത്തിലൂടെയുള്ള ജനഹിതത്തോടുള്ള അവരുടെ മനഃപൂർവമായ നിഷ്‌ക്രിയത്വത്തിന് ഉത്തരം പറയാനും ഞങ്ങൾ ഇപ്പോൾ നിർബന്ധിതരാക്കിയിരിക്കുന്നു.'സ്റ്റാലിൻ പറഞ്ഞു. ഗവർണർ രവിയുടെ 'പോക്കറ്റ് വീറ്റോ സിദ്ധാന്തവും' രാജ്ഭവന് ബില്ലുകൾ ഇല്ലാതാക്കാനോ കുഴിച്ചുമൂടാനോ കഴിയുമെന്ന അദ്ദേഹത്തിന്റെ വാദവും സുപ്രീംകോടതി തള്ളിക്കളഞ്ഞതായും സ്റ്റാലിൻ പറഞ്ഞു.


പ്രതിപക്ഷ സംസ്ഥാനങ്ങളെ പ്രതിസന്ധികളിലേക്ക്‌ തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ ചട്ടുകങ്ങളായി പല സംസ്ഥാനങ്ങളിലും ഗവർണമാർ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ്‌ അവരുടെ അധികാരപരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ചരിത്രപരമായ വിധി ഏപ്രിലിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക്‌ മേൽ ഗവർണർമാർ അടയിരിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതായിരുന്നു വിധി. എന്നാൽ രാഷ്‌ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിലൂടെ ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച്‌ വീണ്ടും പൂർവസ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തിച്ചു.


'ഗവർണറുടെ അധികാരം പരിമിതമാണ്. അകാരണമായി ബില്ലുകൾ തടയരുത്. അങ്ങനെ ചെയ്യുന്നത് ഫെഡറൽ സംവിധാനത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഭരണത്തിന്റെ സർക്കാരാണ് ഡ്രൈവിങ് സീറ്റിലുണ്ടാകേണ്ടത്. രണ്ട് അധികാര കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടാകാൻ പാടില്ല. മന്ത്രി സഭയ്ക്കാണ് പ്രാധാന്യം. ബില്ലുകളിൽ സമയപരിധി നിശ്ചയിക്കാനാകില്ല. ബിൽ തിരിച്ചയക്കുകയാണ് പ്രശ്നമുണ്ടെങ്കിൽ ഗവർണറുടെ ജോലി, അല്ലാതെ തടഞ്ഞുവെക്കാനാകില്ല' - സുപ്രീം കോടതി നിരീക്ഷിച്ചു.


രാഷ്‌ട്രപതിയുടെ റഫറൻസ്‌ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നുമായിരുന്നു കേരളം അതിശക്തമായി വാദിച്ചത്‌. സമാനനിലപാടാണ്‌ തമിഴ്‌നാടും സ്വീകരിച്ചത്‌. സമയപരിധി നിശ്ചയിക്കാൻ രണ്ടംഗ ബെഞ്ചിന്‌ അധികാരമില്ലെന്നും വിശാല ബെഞ്ചിലേക്ക്‌ വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചെങ്കിലും പ്രസ്‌തുത വിധിയിൽ ഇടപെടില്ലെന്ന്‌ ഭരണഘടനാബെഞ്ച്‌ ആവർത്തിച്ച്‌ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home