യുഎൻ റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് ഒമാൻ

മസ്‌കത്ത് : ഐക്യരാഷ്ട്ര സംഘടനയുടെ വാണിജ്യ വികസന സമിതിയിൽ അവതരിപ്പിച്ച പലസ്‌തീൻ റിപ്പോർട്ടിനെ പൂർണമായി സ്വാഗതം ചെയ്ത് ഒമാൻ. 2023 ഒക്ടോബർമുതൽ പലസ്തീൻ മേഖലയിൽ നടക്കുന്ന സാമ്പത്തികവും മനുഷ്യാവകാശപരവുമായ പ്രശ്നങ്ങൾ വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ടാണ് സഭയ്ക്ക് മുന്പാകെ അവതരിപ്പിച്ചത്. ദശകങ്ങൾകൊണ്ട് കെട്ടിപ്പടുത്ത വികസനങ്ങളാണ് ഏതാനും മാസങ്ങളിൽ നാമാവശേഷമാക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് പഠിച്ച് സമഗ്രവും ആധികാരികവുമായ റിപ്പോർട്ട് തയ്യാറാക്കിയ സമിതിയെ അഭിനന്ദിക്കുന്നതായി യുഎന്നിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഇദ്രിസ് ബിൻ അബ്ദുൾറഹ്മാൻ അൽ ഖഞ്ജരി പറഞ്ഞു. നിർമാണമേഖലകൾ എല്ലാം തന്നെ നശിപ്പിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ നിലച്ചിരിക്കുകയാണെന്നും പൊതുവരുമാനം കൂപ്പുകുത്തിയിരിക്കുവെന്നും കുടുംബങ്ങളുടെ വാങ്ങൽ ശേഷിയെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് അൽ ഖഞ്ജരി പറഞ്ഞു. ബാങ്കിങ് മേഖല പൂർണമായും തകർന്നു. മേഖലയിലേക്കുള്ള സഞ്ചാര നിയന്ത്രണം സാമ്പത്തിക വ്യവഹാരങ്ങളെ തകർച്ചയിലേക്ക് നയിക്കുന്നതിൽ ആക്കം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലെ സാഹചര്യം അതീവ ഗുരുതരമാണ്. അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായങ്ങൾ, ആരോഗ്യരംഗം, വിദ്യഭ്യാസ മേഖല, ഗതാഗത-ഊർജ ശൃഖലകൾ തുടങ്ങി പൊതുജീവിതത്തിന്റെ സമഗ്ര മേഖകളെയും പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾകൊണ്ടും വലിയ നിക്ഷേപ സമാഹരണംകൊണ്ടും മാത്രമേ മേഖലയുടെ പുനർനിർമാണം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിശദമായ സാമ്പത്തിക വിശകലനങ്ങളിലൂടെയും വികസന പദ്ധതികളിലൂടെയും പ്രശ്ന പരിഹാരത്തിനായി സമിതി മുൻകൈയെടുക്കണം. ധാർമികവും മനുഷ്യത്വപരവും വികാസനോന്മുഖവുമായ പിന്തുണയിലൂടെ പലസ്തീനെ കൈപിടിച്ചുയർത്താൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.









0 comments