സ്വകാര്യ ഡിസ്റ്റിലറികൾക്ക് കേന്ദ്രം അരി നൽകുന്നത് സാധാരണയിലും കുറഞ്ഞ വിലയിൽ; കണക്കുകൾ

ന്യൂഡൽഹി : രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് നൽകുന്നതിലും കുറഞ്ഞ വിലയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) സ്വകാര്യ ഡിസ്റ്റിലറികൾക്ക് അരി നൽകുന്നതായി കണക്കുകൾ. ജൈവ ഇന്ധനത്തിനായുള്ള എഥനോൾ ഉൽപാദനത്തിനായാണ് സ്വകാര്യ ഡിസ്റ്റിലറികൾക്ക് അരി നൽകുന്നത്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ്എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ കോർപറേറ്റ് പ്രീണനം വ്യക്തമായത്. കേന്ദ്രസർക്കാരിന്റെ എഥനോൾ നയത്തിലെ ഗുരുതരമായ പിഴവാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ജൈവ ഇന്ധനത്തിനായി എഥനോൾ ഉൽപാദനത്തിനായി 2024–25 ൽ എഫ്‌സിഐ 31.83 ലക്ഷം മെട്രിക് ടൺ അരി സ്വകാര്യ ഡിസ്റ്റിലറികൾക്ക് വിറ്റു. 2022–23 ൽ എഫ്‌സിഐ അരി സ്വകാര്യ ഡിസ്റ്റിലറികൾക്ക് കിലോഗ്രാമിന് 20 രൂപ (ക്വിന്റലിന് 2000 രൂപ) എന്ന നിരക്കിലും 2024–25 ൽ കിലോഗ്രാമിന് 22.50 രൂപ (ക്വിന്റലിന് 2250) എന്ന നിരക്കിലും വിൽക്കുന്നുണ്ടെന്ന് സർക്കാർ സമ്മതിച്ചു. ഇത് വീണ്ടും പരിഷ്കരിച്ച്, 2025–26 കാലയളവിൽ കിലോയ്ക്ക് 23.20 (ക്വിന്റലിന് 2320 രൂപ) രൂപയ്ക്ക് വിറ്റു.
നെൽകർഷകർക്കുള്ള ഏറ്റവും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) 2022-23 ൽ കിലോയ്ക്ക് 20.40 രൂപയും 2024-25 ൽ 23 രൂപയും 2025-26 ൽ 23.69 രൂപയുമാണെന്നിരിക്കെയാണ് അതിലും കുറഞ്ഞ വിലയിൽ സ്വകാര്യ ഡിസ്റ്റിലറികൾക്ക് അരി നൽകുന്നത്. കർഷകർക്ക് നെല്ലിന് നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് സ്വകാര്യ ഡിസ്റ്റിലറികൾക്ക് അരി വിൽക്കുന്നത്.
ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (OMSS) പ്രകാരം, സർക്കാർ നിശ്ചയിച്ച അതേ നിരക്കിൽ തന്നെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അരി വാങ്ങാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്നു. കൂടാതെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഗതാഗതം, കൈകാര്യം ചെയ്യൽ, വിതരണ ചെലവുകൾ എന്നിവയിൽ കൂടുതൽ ചിലവും ഉണ്ടാകുന്നുണ്ട്. ഇവ കാരണം ഉയർന്ന വിലയ്ക്ക് അരി വിൽക്കാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്നു.
സംസ്ഥാനങ്ങൾ പൊതുജനങ്ങൾക്ക് 25 രൂപയ്ക്ക് അരി നൽകുന്ന സാഹചര്യത്തിലാണ് കോർപ്പറേറ്റ് ഡിസ്റ്റിലറികൾ കിലോഗ്രാമിന് 20 രൂപ മുതൽ 22.50 രൂപ വരെയുള്ള വിലയ്ക്ക് അരി വാങ്ങുന്നതെന്ന് സർക്കാരിന്റെ മറുപടി വ്യക്തമാക്കുന്നു.








0 comments