ജീവനക്കാരുടെ ബിരുദ പരിശോധന; കുവൈത്തിൽ മന്ത്രിസഭാസമിതി യോഗം ചേർന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അക്കാദമിക് ബിരുദങ്ങളുടെ സാധുത പരിശോധിക്കാനായി നിയോഗിച്ച മന്ത്രിസഭാസമിതി യോഗം ചേർന്നു. ബിരുദ പരിശോധനാ നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് സഹമന്ത്രിയുമായ ഷരീദ അൽ മോഷർജി യോഗത്തിൽ നിർദേശിച്ചു. ഉന്നതവിദ്യാഭ്യാസ, ശാസ്ത്രഗവേഷണ മന്ത്രി ഡോ. നാദർ അൽ ജലാൽ ഉൾപ്പെടെ സമിതിയിലെ അംഗങ്ങളും പരിശോധനാരംഗത്തെ വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.
സിവിൽ സർവീസ് കമീഷൻ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി പൊതുസമിതി (പാം) എന്നീ ഏജൻസികളിൽ രൂപീകരിച്ച പ്രധാന ഉപസമിതികൾക്ക് പരിശോധന സംബന്ധമായ എല്ലാ ചുമതലകളും വൈകാതെ പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. ആവശ്യമായ രേഖകളും വിവരങ്ങളും നൽകുന്നതിൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പൂർണമായും സഹകരിക്കണമെന്ന് യോഗം വിലയിരുത്തി. സർക്കാർ സ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിലെയും മേൽനോട്ട പദവികളിലെയും ഉദ്യോഗസ്ഥരുടെ ബിരുദ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. മറ്റ് ഗ്രേഡുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയും ഘട്ടംഘട്ടമായി തുടർന്നുകൊണ്ടിരിക്കുകയാണ്.
അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചതോ വ്യാജ ബിരുദങ്ങൾ സമർപ്പിച്ചതോ കണ്ടെത്തിയാൽ അനുയോജ്യമായ നിയമനടപടികൾ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തൊഴിൽരംഗത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള പ്രധാന ഭരണപരിഷ്‌കരണത്തിന്റെ ഭാഗമായാണ് സമഗ്ര പരിശോധന നടപ്പാക്കുന്നതെന്ന് യോഗത്തിൽ വ്യക്തമാക്കി.
മന്ത്രിസഭാസമിതിയുടെ യോഗത്തിൽനിന്ന്








0 comments