തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; മുംബൈയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി മേധാവിക്കെതിരെ പരാതി

മുംബൈ: മുംബൈയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, സ്ത്രീയെ നഗ്നയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആറ് പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 51കാരിയായ വനിതാ വ്യവസായിയാണ് പരാതിക്കാരി.
ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും സ്ഥാപകാംഗവുമായ ജോയ് ജോൺ പാസ്കൽ പോസ്റ്റ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളും മറ്റ് അഞ്ച് ജീവനക്കാരും ചേർന്നാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. ബിസിനസ് ചർച്ചകൾക്കെന്ന പേരിൽ കമ്പനിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം, പ്രതികൾ ചേർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നിർബന്ധിച്ചു. തുടർന്ന് നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ വീഡിയോകളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജോയ് ജോൺ പാസ്കൽ പോസ്റ്റ് ഉൾപ്പെടെ ആറ് പേർക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.









0 comments