യെമനിലെ തടവുകാരെ മോചിപ്പിക്കാനുള്ള കരാർ: സ്വാഗതം ചെയ്ത് ഒമാൻ

മസ്‌കത്ത് : അമ്മാനിൽ നടന്ന വട്ടമേശ ചർച്ചകളുടെ ഫലമായി യെമനിലെ പ്രധാന തടവുകാരെ മോചിപ്പിക്കാനുണ്ടാക്കിയ കരാറിനെ സ്വാഗതം ചെയ്ത് ഒമാൻ. യെമനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 1600ൽ അധികം തടവുകാരെ മോചിപ്പിക്കാനാണ് ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ കരാറുണ്ടാക്കിയത്. സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള സാധ്യത കരാർ ശക്തിപ്പെടുത്തും. ഇരുകക്ഷികളും തമ്മിലുള്ള സംഭാഷണം മുന്നോട്ടുകൊണ്ടുപോകാനും നീക്കം സഹായിക്കുമെന്നും ഒമാൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
2025 ഡിസംബറിൽ ഒമാൻ ആതിഥേയത്വം വഹിച്ച ചർച്ചകളിലെ ധാരണയെ അടിസ്ഥാനമാക്കിയാണ് കരാർ രൂപപ്പെടുന്നത്. യെമനിൽ നീണ്ടുനിൽക്കുന്ന സംഘർഷത്തിന്റെ ആഘാതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക ശ്രമങ്ങളുടെ തുടർച്ചയായ പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നു. കരാർ നടപ്പിലാക്കാൻ സൗകര്യമൊരുക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ജോർദാൻ, യുഎൻ, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി എന്നിവയുടെ ശ്രമങ്ങൾക്കും ഒമാൻ നന്ദിയറിയിച്ചു.










0 comments