ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കരുത്; മുന്നറിയിപ്പുമായി ഒമാൻ

Image: Gemini AI
മസ്‌കത്ത്: ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സമൂഹമാധ്യമ ഉപയോക്താക്കൾക്കും ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകൾക്കും മുന്നറിയിപ്പ് നൽകിയത്. പൈതൃക, ടൂറിസം മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്ത ഹോട്ടലുകൾ, വിശ്രമകേന്ദ്രങ്ങൾ, ഗ്രീൻ ഇന്നുകൾ എന്നിവ പോലുള്ള ലൈസൻസില്ലാത്ത ടൂറിസം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില സമൂഹ അക്കൗണ്ടും വെബ്‌സൈറ്റും ശ്രദ്ധയിൽപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.
ഇലക്‌ട്രോണിക് വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിങ്ങും പ്രമോഷനും നടത്തുന്ന രീതി നിയന്ത്രിക്കുന്ന റെഗുലേഷന്റെ ആർട്ടിക്കിൾ ഒന്പതിലെ ക്ലോസ് 13ന്റെ ലംഘനമാണ് ഈ രീതി. യോഗ്യതയുള്ള അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമുള്ള ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ ലൈസൻസില്ലാത്ത പ്രോജക്റ്റുകൾക്കോ, വ്യാജ ഉൽപ്പന്നങ്ങൾക്കോ വിപണനം ചെയ്യുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നതായി വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. ലൈസൻസില്ലാത്ത സ്ഥാപനങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.









0 comments