വീഡിയോ കോളിലൂടെ പൊലീസ് ചമഞ്ഞ് തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകൾ വഴി വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വേഷത്തിലോ സർക്കാർ ഓഫീസുകളുടെ പശ്ചാത്തലത്തിലോ വീഡിയോ കോളുകൾ ചെയ്ത് ആളുകളെ വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
പൊലീസ് ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആണെന്ന് അവകാശപ്പെട്ട് വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ഇവർ ഇരകളെ സമീപിക്കും. തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തി ഇരകളിൽ സമ്മർദ്ദം ചെലുത്തും.
വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, ഒടിപി എന്നിവ കൈക്കലാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. അതേസമയം ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കാതെ വിവരങ്ങൾ പങ്കുവെക്കരുതെന്നും ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ ഔദ്യോഗിക ഏജൻസികൾ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ആവശ്യപ്പെടില്ലെന്നും പൊലീസ് അറിയിച്ചു.
സംശയം തോന്നുന്ന പക്ഷം ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിക്കുക. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഇത്തരം കെണികളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.










0 comments