പ്രവാസികളുടെ വ്യാജ സർട്ടിഫിക്കറ്റിന് പിഴ, പ്രീ-എൻട്രി പരിശോധന കർശനമാക്കും: ഒമാൻ

മസ്‌കത്ത്: പ്രവാസികൾക്കുള്ള പ്രീ-എൻട്രി പരിശോധന കർശനമാക്കുമെന്ന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പിലുണ്ട്. തൊഴിൽ വിപണി പരിഷ്‌കാരങ്ങളുടെ ഭാഗമായെത്തുന്ന വിദേശതൊഴിലാളികൾ രാജ്യത്ത് പ്രവേശിക്കുന്നതിനുമുമ്പ് യോഗ്യത പരിശോധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വിപണി നിയന്ത്രിക്കാനും പ്രധാന മേഖലകളിലുടനീളം തൊഴിൽശക്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് നടപടികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് വകുപ്പ് ഡയറക്ടർ സഹർ ബിൻ അബ്ദുള്ള അൽ ഷെയ്ഖ് പറഞ്ഞു. ഈ സംവിധാനത്തിന് കീഴിൽ എൻജിനിയറിങ്, ലോജിസ്റ്റിക്സ്, അക്കൗണ്ടിങ് എന്നിവയുൾപ്പെടെയുള്ള നിയന്ത്രിത തൊഴിലുകളിൽ ജോലി തേടുന്ന പ്രവാസികൾ എത്തുന്നതിനുമുമ്പ് സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട മേഖലാ നൈപുണ്യ യൂണിറ്റുകൾ വിലയിരുത്തി അംഗീകരിച്ചിരിക്കണം.
യോഗ്യത ഔദ്യോഗികമായി പരിശോധിച്ചശേഷം മാത്രമേ വർക്ക് പ്രാക്‌ടീസ് ലൈസൻസ് നൽകൂ. ഇത് ലഭിച്ചാൽമാത്രമേ എൻട്രി പെർമിറ്റുകൾ അനുവദിക്കൂ. അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുമുമ്പ് വിദേശതൊഴിലാളികൾക്ക് ഒമാനിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.










0 comments