യുഎസ്- ഇറാൻ നയതന്ത്ര പുരോഗതിയെ പിന്തുണച്ച് ഒമാൻ

മസ്‌കത്ത് : അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച ധാരണപത്രത്തിന് പിന്തുണ ആവർത്തിച്ച് ഒമാൻ. ബഹ്‌റൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഈ നിലപാട് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് മെമ്മോറാണ്ടം പ്രതിനിധീകരിക്കുന്നതെന്ന് വിദേശമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന തീരദേശ രാജ്യമെന്ന നിലയിൽ സമുദ്ര നാവിഗേഷൻ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഒമാന് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് അൽ ബുസൈദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസംഘടനയുടെ സമുദ്ര നിയമ കൺവൻഷനും കീഴിലുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ ഒമാൻ പ്രതിജ്ഞാബദ്ധമാണ്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഭാവിയിലെ ഏതൊരു ക്രമീകരണത്തിലും ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഗതാഗത ഫീസ് ചുമത്തുന്നത് ഉൾപ്പെടില്ലെന്നും വിദേശമന്ത്രി സ്ഥിരീകരിച്ചു.










0 comments