പാരമ്പര്യേതര മേഖലയിലെ വാണിജ്യമൂല്യം മെച്ചപ്പെടുത്തി ഒമാൻ

മസ്കത്ത് : ഒമാന്റെ എണ്ണ ഇതര വ്യാപാര കയറ്റുമതി 9.4 ശതമാനത്തിന്റെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2024 ലെ 404.2 കോടി ഒമാൻ റിയാലിൽ നിന്ന് 2025 ആഗസ്ത് അവസാനത്തോടെ കയറ്റുമതി മൂല്യം 442.1 കോടി ഒമാനി റിയാലിലെത്തി. 2025 ആഗസ്ത് അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം വ്യാപാര മിച്ചം 393 കോടി ഒമാൻ റിയാൽ രേഖപ്പെടുത്തി. 2024 ലെ ഇതേ കാലയളവിൽ ഇത് 614.5 കോടി ഒമാൻ റിയാലായിരുന്നു. 36.1 ശതമാനത്തിന്റെ കുറവാണ് വ്യാപാരമിച്ചത്തിൽ വന്നിരിക്കുന്നതെന്ന് ഒമാൻ ദേശീയ സ്ഥിതിവിവര ഏജൻസി പുറത്തുവിട്ട കണക്കുകൾ പറയുന്നു.
2025 ആഗസ്ത് അവസാനത്തോടെ ചരക്ക് കയറ്റുമതിയുടെ മൊത്തം മൂല്യം 1531.8 കോടി ഒമാൻ റിയാലിലെത്തി. 2024 ലെ ഇതേ കാലയളവിൽ ഇത് 1692.6 ബില്യൺ ഒമാൻ റിയാലായിരുന്നുവെന്നും 9.5 ശതമാനം കുറവാണ് ഈയിനത്തിൽ വന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാന്റെ എണ്ണ, വാതക കയറ്റുമതിയിൽ 16.8 ശതമാനം കുറവുണ്ടായതാണ് ഇടിവിന് പ്രധാന കാരണം. 2025 ആഗസ്ത് അവസാനത്തിൽ കയറ്റുമതി മൂല്യം 977.5 കോടി ഒമാനി റിയാലാണ്. 2024 ലെ ഇതേ കാലയളവിൽ മൂല്യം 1175.3 കോടി ഒമാൻ റിയാലായിരുന്നു. ഇറക്കുമതി ചെയ്ത് വീണ്ടും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിലും 0.8 ശതമാനം നേരിയ കുറവ് രേഖപ്പെടുത്തി. 2024 ലെ 113.1 കോടി ഒമാൻ റിയാലിൽ നിന്ന് 2025 ൽ 112.2 കോടി ഒമാൻ റിയാലായി കുറഞ്ഞു.
2025 ആഗസ്ത് അവസാനത്തോടെ ഒമാനിലേക്കുള്ള മൊത്തം വ്യാപാര ഇറക്കുമതി മൂല്യം 5.6 ശതമാനം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024ൽ ഈ കാലയളവിൽ ഇത് 1078.0 കോടി ഒമാനി റിയാലായിരുന്നു. 2025 ആഗസ്ത് അവസാനത്തോടെ ഒമാനിൽ നിന്ന് എണ്ണ ഇതര കയറ്റുമതി സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒന്നാമതെത്തി. യുഎഇയിലേക്കുള്ള കയറ്റുമതി 82.1 കോടി ഒമാനി റിയാലാണ്. 2024 ലെ കണക്കുകളെ അപേക്ഷിച്ച് 28.8 ശതമാനം വളർച്ച ഈയിനത്തിൽ ഉണ്ടായി.









0 comments