പ്രവാസികൾക്ക് നിയമപരമായ പദവി ശരിയാക്കൽ: കാലാവധി നീട്ടിയതായി ഒമാൻ പൊലീസ്

മസ്‌കത്ത്: പ്രവാസികൾക്ക് നിയമപരമായ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടിയതായി റോയൽ ഒമാൻ പൊലീസ്. തൊഴിൽമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് നടപടി. ഇളവുകൾ നേടാനും കുടിശ്ശികയുള്ള പിഴ തീർപ്പാക്കാനും ഡിസംബർ 31 സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാ വിദേശ പൗരന്മാരും തൊഴിലുടമകളും അധിക സമയം പ്രയോജനപ്പെടുത്തണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
നിയമപരമായ പദവി ക്രമപ്പെടുത്താനും വിസ, താമസ നിയമലംഘനങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള തൊഴിൽമന്ത്രാലയത്തിന്റെ സമീപകാല സർക്കുലറിന് അനുസൃതമായാണ് നീക്കം. ഒമാനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് രണ്ട് പ്രധാന വഴികളിൽ പ്രയോജനം ലഭിക്കും. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ താമസ പെർമിറ്റുകൾ പുതുക്കാനോ തൊഴിൽ കൈമാറ്റം ചെയ്യാനോ കഴിയും. തൊഴിൽ മന്ത്രാലയം പരിശോധിച്ച് ഉറപ്പിച്ചാൽ അവരുടെ പ്രവേശന, ജോലി സംബന്ധമായ താമസ പെർമിറ്റിന്റെ കാലഹരണപ്പെടലുമായി ബന്ധപ്പെട്ട എല്ലാ പിഴകളിൽനിന്നും വ്യക്തികളെ ഒഴിവാക്കും.
രാജ്യം വിടാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാരെ ജോലി സംബന്ധമായതല്ലാത്ത ഏതെങ്കിലും തരത്തിലുള്ള വിസ അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന പിഴകളിൽനിന്നും ഒഴിവാക്കും.









0 comments