ഒമാൻ പ്രളയം: ഒരു മലയാളി കൂടി മരിച്ചു

മസ്കത്ത്: ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടാണ് അപകടമുണ്ടായത്. നിലവിൽ ഇബ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈരളി ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ പ്രളയത്തിൽ രണ്ട് മലയാളികൾ കൂടി ജീവൻ വെടിഞ്ഞിരുന്നു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികളടക്കം ആറ് പേർ രക്ഷപ്പെട്ടിരുന്നു. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments